കൊച്ചി: അതിഥി താരങ്ങളെ കേരള ക്രിക്കറ്റ് ടീമിൽ ഉള്‍പ്പെടുത്തുന്നതിനെ ന്യായീകരിച്ച് കെസിഎ.രഞ്ജി ട്രോഫിയിലെ എ ഗ്രൂപ്പില്‍ കേരളത്തെ എത്തിക്കാന്‍ അതിഥി താരങ്ങള്‍ സഹായിക്കും. മുംബൈ ഉള്‍പ്പെടെ മിക്ക അസോസിയേഷനുകളും അതിഥി താരങ്ങളെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും കെസിഎ പ്രസിഡന്റ് ടി സി മാത്യു പറഞ്ഞു.
മധ്യപ്രദേശ് ഓള്‍റൗണ്ടര്‍ ജലജ് സക്സേന, മുംബൈ സ്പിന്നര്‍ ഇക്ബാല്‍ അബ്ദുള്ള മുംബൈ ബാറ്റ്സ്മാന്‍ ഭവിന്‍ തക്കര്‍ എന്നിവരെ അടുത്ത സീസണിനുള്ള കേരള ടീമില്‍ ഉള്‍പ്പെടുത്താനുള്ള കെസിഎ തീരുമാനം വിവാദമായിരുന്നു. എന്നാല്‍ അതിഥി താരങ്ങള്‍ കേരളത്തിലെ കളിക്കാരുടെ സാധ്യതകള്‍ ഇല്ലാതാക്കുമെന്ന പ്രചാരണം ശരിയല്ലെന്നാണ് കെസിഎയുടെ നിലപാട്.
അതിഥി താരങ്ങളുടെ അനുഭവസമ്പത്തിലൂടെ രഞ്ജി ട്രോഫിയിലെ എ ഗ്രൂപ്പിലെത്താന്‍ കേരളത്തിന് കഴിയും. ഇതിലൂടെ കളിക്കാര്‍ക്ക് ഐപിഎല്‍ ടീമുകളിലെത്താം. രോഹന്‍ പ്രേം രഞ്ജി ട്രോഫിയിലും സച്ചിന്‍ ബേബി വിജയ് ഹസാരെ ട്രോഫിയിലും കേരളത്തെ നയിക്കും. പി ബാലചന്ദ്രന്‍ പരിശീലകനായും തുടരും. എന്നാല്‍ കൺസള്‍ട്ടന്റായി പുറത്ത് നിന്നൊരാളെ നിയമിച്ചേക്കുമെന്നും ടി സി മാത്യു പറഞ്ഞു.
