കൊച്ചി: ശ്രീലങ്കയെ ലോക ക്രിക്കറ്റിന്റെ നെറുകയിലെത്തിച്ച ഓസ്ട്രേലിയന്‍ പരിശീലകന്‍ ഡേവ് വാട്ട്‌മോര്‍ കേരള ക്രിക്കറ്റ് ടീം പരീശീലകനാകും. അടുത്ത സീസണിന് മുമ്പ് വാട്മോര്‍ കേരള ടീമിന്റ പരിശീലക ചുമതല ഏറ്റെടുക്കുമെന്നാണ് സൂചന. ഡേവ് വാട്മോറുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കേരളാ ടീമിന്റെ ചുമതല ഏറ്റെടുക്കുന്നതില്‍ അദ്ദേഹം താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ജയേഷ് ജോര്‍ജ് വ്യക്തമാക്കി.

രണ്ടുവര്‍ഷത്തെ കരാറില്‍ ചെന്നൈയിലെ ശ്രീമചന്ദ്ര മെഡിക്കല്‍ കോളജ് ടീമിന്റെ പരിശീലകനായി ചുമതലയേറ്റെടുക്കാനിരിക്കുകയാണ് വാട്മോര്‍. ഈ ചുമതല ഏറ്റെടുത്താലും കരാര്‍ അനുസരിച്ച് ആറ് മാസത്തെ ഇടവേള അദ്ദേഹത്തിന് ലഭിക്കും. ഇത് ഫലപ്രദമായി ഉപയോഗിക്കാനാണ് അദ്ദേഹത്തെ കേരളത്തിന്റെ പരിശീലകനാവാന്‍ ക്ഷണിച്ചതെന്നും കരാര്‍ സംബന്ധിച്ച് അടുത്ത ആഴ്ചയോടെ വ്യക്തത വരുമെന്നും ജയേഷ് ജോര്‍ജ് വ്യക്തമാക്കി.  കരാര്‍ സാധ്യമാവുകയാണെങ്കില്‍ ഈ വര്‍ഷം സെപ്റ്റംബര്‍ മുതല്‍ അടുത്തവര്‍ഷം ഫെബ്രുവരി വരെയുള്ള കാലയളവില്‍ വാട്മോര്‍ കേരള ടീമിനെ പരിശീലിപ്പിക്കും.

കഴിഞ്ഞ രഞ്ജി സീസണില്‍ പരിശീലകനായിരുന്ന പി ബാലചന്ദ്രന്റെ കീഴില്‍ കേരളത്തിന് മികവാര്‍ന്ന പ്രകടനം കാഴ്ചവെക്കാനായിരുന്നില്ല. രഞ്ജി ടൂര്‍ണമെന്റിനിടെ ബാലചന്ദ്രനെ മാറ്റി ടീമിന്റെ ബൗളിംഗ് പരിശീലകനായിരുന്ന ടിനു യോഹന്നാനെ പരിശീലകനായി നിയമിച്ചിരുന്നു. എന്നാല്‍ ടിനു പരിശീലകനായിട്ടും കേരളത്തിന് നോക്കൗട്ടിലെത്താനായില്ല. മുന്‍ കേരളാ ടീം ക്യാപ്റ്റന്‍ കൂടിയായ എസ് രമേശ് നിലവില്‍ ശ്രീരാമചന്ദ്ര മെഡിക്കല്‍ കോളജ് ടീമുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കൂടി മുന്‍കൈയിലാണ് വാട്മോറുമായി കേരള ക്രിക്കറ്റ് അസോസിയേഷന്‍ ചര്‍ച്ചകള്‍ നടത്തിയത്.

നേരത്തെ വിജയ് ഹസാരെ ട്രോഫിക്ക് മുന്നോടിയായി ജനുവരിയില്‍ കേരളാ ടീം ചെന്നൈയില്‍ വാട്മോറിന് കീഴില്‍ പരിശീലനം നടത്തിയിരുന്നു. ടെസ്റ്റ് പദവിയുള്ള നിരവധി രാജ്യങ്ങളുടെ പരിശീലകനായിട്ടുള്ള വാട്മോറിന്റെ അനുഭവസമ്പത്ത് കേരളത്തിന് ഗുണകരമാകുമെന്നാണ് കരുതുന്നത്. ലോക ക്രിക്കറ്റില്‍ മേല്‍വിലാസമില്ലാതിരുന്ന ശ്രീലങ്കയെ 1996ലെ ലോകകപ്പില്‍ ചാമ്പ്യന്‍മാരാക്കിയതോടെയാണ് വാട്മോര്‍ പരിശീലകരിലെ സൂപ്പര്‍ കോച്ചായത്.

ശ്രീലങ്കയ്ക്ക് പുറമെ ബംഗ്ലാദേശ്, പാക്കിസ്ഥാന്‍, സിംബാബ്‌വെ ദേശീയ ടീമുകളുടെ പരിശീലകനായിട്ടുള്ള വാട്‌മോര്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്റെ പരിശീലകനായും ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഹൃസ്വകാലം ഡറക്ടറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവിലെ പരിശീലകനായ ടിനു യോഹന്നാന് കെസിഎയുടെ സെന്റര്‍ ഫോര്‍ എക്സലന്‍സിന്റെ ചുമതല നല്‍കാനും എസ് രമേശിനെ ഗെയിം ഡയറക്ടറായി നിയമിക്കാനും ക്രിക്കറ്റ് ഡവലപ്മെന്റ് കമ്മിറ്റി തലവനായി മുന്‍ കേരള താരം നാരായണന്‍കുട്ടിയെ നിയമിക്കാനും കെസിഎ തീരുമാനിച്ചിട്ടുണ്ട്.