ചെന്നൈ: ഇന്ത്യക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുമ്പ് വാക് പോരുമായി ഓസ്ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. മികച്ച ഫോമിലുള്ള ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ നിശബ്ദനാക്കിയാല്‍ മാത്രമെ ഓസ്ട്രേലിയക്ക് പരമ്പര നേടാനാവൂ എന്ന് സ്മിത്ത് ചെന്നൈയില്‍ പറഞ്ഞു. ഏകദിനങ്ങളില്‍ കോലിയുടെ റെക്കോര്‍ഡ് മികച്ചതാണ്. അതുകൊണ്ടുതന്നെ കോലിയെ നിശബ്നാക്കിയാല്‍ മാത്രമെ തങ്ങള്‍ക്ക് പരമ്പര സ്വന്തമാക്കാനാവൂ എന്ന് സ്മിത്ത് പറഞ്ഞു.

ടെസ്റ്റ് പരമ്പരയ്ക്കിടെ കോലിയുമായുണ്ടായ പ്രശ്നങ്ങളൊക്കെ കഴിഞ്ഞ കാര്യങ്ങളാണെന്നും ഏകദിന പരമ്പരയില്‍ ശരിയായ സ്പിരിറ്റോടെയാകും ഓസ്ട്രേലിയന്‍ ടീം കളിക്കുക എന്നും സ്മിത്ത് പറഞ്ഞു. അശ്വിനെയും ജഡേജയെയും പോലുള്ള സ്പിന്നര്‍മാര്‍ക്ക് ഇന്ത്യ വിശ്രമം അനുവദിച്ചിട്ടുണ്ടെങ്കിലും ഇവര്‍ക്ക് പകരക്കാര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടെന്നും സ്മിത്ത് പറഞ്ഞു. അക്ഷര്‍ പട്ടേലും യുസ്‌വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും മികച്ച സ്പിന്നര്‍മാരാണ്.

ടെസ്റ്റ് പരമ്പരയില്‍ നിന്ന് വ്യത്യസ്തമായി സ്പിന്നര്‍മാരെ സഹായിക്കുന്ന പിച്ചുകളായിരിക്കില്ല ഏകദിനത്തിനെന്നാണ് പ്രതീക്ഷ. ഓസ്ട്രേലിയന്‍ ടീമിന്റെ സ്പിന്‍ പരിശീലകനായ ശ്രീധരന്‍ ശ്രീറാം മികച്ച രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്നും ശ്രീറാമിന്റെ ഉപദേശങ്ങള്‍ ഇന്ത്യക്കെതിരെ ഫലപ്രദമായി നടപ്പാക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും സ്മിത്ത് പറഞ്ഞു.