തിരുവനന്തപുരം: രഞ്ജി ട്രോഫിയില്‍ കേരളം വീണ്ടും വിജയത്തിന്റെ തുമ്പത്ത്. ജമ്മു കശ്മീരിനെതിരായ മൽസരത്തിൽ രണ്ടാം ഇന്നിങ്സിൽ 191 റൺസിന് പുറത്തായ കേരളം ജമ്മു കശ്മീരിനു മുന്നിൽ 238 റൺസിന്റെ വിജയലക്ഷ്യം ഉയർത്തി. രണ്ടാം ഇന്നിങ്സ് ആരംഭിച്ച ജമ്മു കശ്മീർ മൂന്നാം ദിനം ചായയ്ക്കു പിരിയുമ്പോൾ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 12 റൺസ് എന്ന നിലയില്‍ തകര്‍ച്ചയിലാണ്. ഏഴു വിക്കറ്റ് ശേഷിക്കെ കശ്മീരിന് ജയത്തിനായി ഇനിയും 226 റണ്‍സ് വേണം. ക്യാപ്റ്റൻ പർവേസ് റസൂൽ (1), പ്രണവ് ഗുപ്ത (4) എന്നിവരാണ് ക്രീസിൽ.

ഓപ്പണർമാരായ അഹമ്മദ് ഒമർ (ആറ്), ശുഭം ഖജൂരിയ (ഒന്ന്) ഇയാൻ ചൗഹാൻ (0) എന്നിവരാണ് പുറത്തായത്. അഹമ്മദ് ഒമറിനെ ബേസിൽ തമ്പിയും ഖജൂരിയ, ഇയാൻ ചൗഹാൻ എന്നിവരെ എം.ഡി.മോനിഷും പുറത്താക്കി. നേരത്തെ 46 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ കേരളം കശ്മീരിനെ 173 റണ്‍സിന് പുറത്താക്കിയിരുന്നു. നാലു വിക്കറ്റ് വീഴ്‌ത്തിയ അക്ഷയ്, മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ സിജിമോനും ജലജ് സക്സേനയുമായണ് കേരളത്തിന് ലീഡ് സമ്മാനിച്ചത്.

എന്നാല്‍ ലീഡിന്റെ ആത്മവിശ്വാസത്തില്‍ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ കേരളത്തിന് ബാറ്റിംഗ് പിഴച്ചു.അര്‍ധ സെഞ്ചുറി നേടിയ രോഹന്‍ പ്രേമും(58), അരുണ്‍ കാര്‍ത്തിക്കും(36), സല്‍മാന്‍ നാസിറും(32), വിഷ്ണു വിനോദും(20) മാത്രമെ രണ്ടാം ഇന്നിംഗ്സില്‍ കേരളത്തിനായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തുള്ളു. ആദ്യ ഇന്നിംഗ്സില്‍ സെഞ്ചുറി നേടിയ സഞ്ജു സാംസണ്‍(2), ജലജ് സക്സേന(19), ക്യാപ്റ്റന്‍ സച്ചിന്‍ ബേബി(0), എന്നിവര്‍ നിരാശപ്പെടുത്തി. ജമ്മു കശ്മീരിനായി ക്യാപ്റ്റൻ പർവേസ് റസൂൽ 28 ഓവറിൽ 70 റൺസ് വഴങ്ങി അഞ്ചു വിക്കറ്റ് വീഴ്ത്തി. മൽസരത്തിലാകെ റസൂലിന് ഇതോടെ 11 വിക്കറ്റുകളായി. ആമിർ അസീസ് മൂന്നും റാം ദയാൽ, ബൻദീപ് സിങ് എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

മൂന്നു കളികളില്‍ രണ്ടു വിജയം ഉള്‍പ്പെടെ 12 പോയിന്റുമായി ഗ്രൂപ്പ് ബിയില്‍ മൂന്നാംസ്ഥാനത്താണു കേരളം. ആദ്യ രണ്ടു സ്ഥാനക്കാര്‍ക്കു മാത്രമേ അടുത്ത ഘട്ടത്തിലേക്കു മുന്നേറാനാകൂ. ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും തോല്‍പിച്ച കേരളം മൂന്നാം വിജയമാണ് ലക്ഷ്യമിടുന്നത്.