മഡ്ഗാവ്: സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളം സെമിയിലെത്തി. മിസോറമിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തോൽപ്പിച്ചാണ് ഗ്രൂപ്പിൽ ഒന്നാമന്‍മാരായി കേരളം സെമി ഉറപ്പിച്ചത്. കേരളത്തിന് വേണ്ടി അസ്ഹറുദ്ദീൻ രണ്ടും ജോബി, സീസൺ എന്നിവർ ഓരോ ഗോളും നേടി.
ഏഴാം മിനിട്ടില്‍ ഹെഡ്ഡറിലൂടെ മിസോറം വലയില്‍ പന്തെത്തിച്ച ജോബി ജസ്റ്റിനാണ് കേരളത്തിന്റെ അക്കൗണ്ട് തുറന്നത്. രണ്ട് മിനിട്ടിനകം സീസണ്‍ സെല്‍വന്‍ കേരളത്തിന്റെ രണ്ടാം ഗോളും നേടി. അസ്ഹറുദ്ദീന്റെ വകയായിരുന്നു അടുത്ത രണ്ടു ഗോളുകളും. 65-ാം മിനിട്ടിലും 84-ാം മിനിട്ടിലുമായിരുന്നു അസ്ഹറുദ്ദീന്റെ ഗോളുകള്‍. 86-ാം മിനിട്ടില്‍ ലാല്‍റമ്മവിയ ആണ് മിസോറമിന്റെ ആശ്വാസ ഗോള്‍ നേടിയത്.
26-ാം മിനിട്ടില്‍ ലാല്‍ഫെക്സുല ചുവപ്പു കാര്‍ഡ് കണ്ടതിനെത്തുടര്‍ന്ന് മിസോറം പത്തുപേരായി ചുരുങ്ങിയിരുന്നു. ഗ്രൂപ്പില്‍ മഹാരാഷ്ട്രയ്ക്കെതിരായ മത്സരം കൂടി കേരളത്തിന് ബാക്കിയുണ്ട്. ആദ്യ മത്സരത്തില്‍ റെയില്‍വേസിന് 4-2ന് പരാജയപ്പെടുത്തിയ കേരളം രണ്ടാം മത്സരത്തില്‍ അവസാന നിമിഷ ഗോളിലൂടെ പഞ്ചാബിനെതിരെ വിജയതുല്യ സമനില പിടിച്ചിരുന്നു.
