കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ തിങ്ങിനിറങ്ങ അമ്പതിനായിരത്തോളം കാണികളെ കേരളാ ബ്ലാസ്റ്റേഴ്സ് നിരാശരാക്കിയില്ല. 65-ആം മിനിട്ടില്‍ ബെല്‍ഫോര്‍ട്ടിന്റെ ഒറ്റയാന്‍ ഗോളില്‍ ഡല്‍ഹിയെ കീഴടക്കി ഐഎസ്എല്‍ ഒന്നാം പാദ സെമി ബ്ലാസ്റ്റേഴ്സ് ജയിച്ചുകയറി. മധ്യനിരയില്‍ നിന്ന് ഒറ്റയ്ക്ക് മുന്നേറിയ ബെല്‍ഫോര്‍ട്ട് എതിര്‍പ്രതിരോധം ഭേദിച്ച് തൊടുത്തഷോട്ട് ഡല്‍ഹിയുടെ മലയാളി താരം അനസ് എടത്തൊടികയുടെ കാലില്‍ തട്ടി വലയില്‍ കയറിയപ്പോള്‍ സ്റ്റേഡിയം അക്ഷരാര്‍ഥത്തില്‍ പൊട്ടിത്തെറിച്ചു. ആദ്യപാദത്തിലെ ജയത്തോടെ 14ന് ഡല്‍ഹിയില്‍ നടക്കുന്ന രണ്ടാംപാദ സെമിയില്‍ കൊമ്പന്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ ഇറങ്ങാം. രണ്ടാംപാദത്തില്‍ സമനില നേടിയാലും ബ്ലാസ്റ്റേഴ്സിന് ഐഎസ്എല്ലിലെ രണ്ടാം ഫൈനലില്‍ കളിക്കാം. കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സിന്റെ തുടര്‍ച്ചയായ ആറാം ജയമാണിത്.

ആക്രമണ പ്രത്യാക്രമണങ്ങള്‍ക്കൊപ്പം ഭാഗ്യനിര്‍ഭാഗ്യങ്ങള്‍ മാറിമറിഞ്ഞ ആദ്യപകുതി ഗോള്‍രഹിതമായിരുന്നു. ആദ്യപകുതിയിലെ പിഴവുകള്‍ക്ക് കണക്കുതീര്‍ക്കാനുറച്ചായിരുന്നു ബ്ലാസ്റ്റേഴ്സ് രണ്ടാം പകുതിയിലിറങ്ങിയത്. തുടര്‍ച്ചയായ ആക്രമണങ്ങള്‍ക്കൊടുവിലായിരുന്നു കേരളം കാത്തിരുന്ന ഗോള്‍ വീണത്. വിജയഗോളിന് പിന്നാലെ കേരളവലയിലേക്ക് പന്തെത്തേണ്ടതായിരുന്നു. 75-ാം മിനിട്ടില്‍ ഹെങ്ബര്‍ട്ടിന്റെ ഗോള്‍ലൈന്‍ ഹെഡര്‍ കേരളത്തിന്റെ രക്ഷക്കെത്തി.

രണ്ടാം പകുതിയുടെ അന്ത്യനിമിഷങ്ങളില്‍ രണ്ടാം ഗോളിനായുള്ള ശ്രമത്തിന്റെ ഭാഗമായി ബെല്‍ഫോര്‍ട്ടിന് പകരം അന്റോണിയെ ജെര്‍മനെ ഇറക്കി. തൊട്ടുപിന്നാലെ മൈക്കല്‍ ചോപ്രയും കളത്തിലറങ്ങി. 84-ാം മിനിട്ടില്‍ സി കെ വിനീതിന്റെ ഗോളെന്നുറച്ച ഷോട്ട് ഡല്‍ഹി ഗോളി മുഴുനീള ഡൈവിലൂടെ രക്ഷപ്പെടുത്തി.

 

ആദ്യപകുതിയില്‍ തന്നെ കേരളം രണ്ടടി മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ ആദ്യപകുതിയുടെ അവസാന നിമിഷങ്ങളില്‍ ഗോളെന്നുറച്ച രണ്ടവസരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് നിഷേധിക്കപ്പെട്ടത്. 42-ാം മിനിട്ടില്‍ ബോക്സില്‍ നിന്ന് നേസന്റെ ഷോട്ട് ഡല്‍ഹി പ്രതിരോധനിരക്കാരനായ മലയാളി താരം അനസ് എടത്തൊടികയുടെ കൈകളില്‍ തട്ടിയെങ്കിലും റഫറി പെനല്‍റ്റി നിഷേധിച്ചു. തുടര്‍ന്ന് ലഭിച്ച കോര്‍ണര്‍ കിക്കില്‍ ബെല്‍ഫോര്‍ട്ടിന്റെ ഹെഡ്ഡര്‍ ഇഞ്ചുകളുടെ വ്യത്യാസത്തില്‍ പുറത്തുപോയി.

 

തൊട്ടടുത്ത നിമിഷം ബെല്‍ഫോര്‍ട്ട് ഡല്‍ഹി വലകുലുക്കിയെങ്കിലും ലൈന്‍ റഫറി ഹാന്‍ഡ് ബോള്‍ വിധിച്ചതിനെത്തുടര്‍ന്ന് ബ്ലാസ്റ്റേഴ്സിന് ഗോള്‍ നഷ്ടമായി. റീപ്ലേകളില്‍ അത് ഹാന്‍ഡ് ബോളല്ലെന്ന് വ്യക്തമായിരുന്നു. ആദ്യ മിനിട്ടില്‍ തന്നെ ബ്ലാസ്റ്റേഴ്സ് വലയില്‍ ഗോള്‍ കയറേണ്ടതായിരുന്നു. കീന്‍ ലൂയിസിന്റെ ഷോട്ടില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിന് പിന്നാലെ കേരളത്തിന് ലഭിച്ച സുവര്‍ണാവസരം സി കെ വിനീത് പുറത്തേക്കടിച്ചു കളഞ്ഞു.

 

ആറാം മിനിട്ടില്‍ തന്നെ മെഹ്താബ് ഹുസൈന്‍ മഞ്ഞക്കാര്‍ഡ് കണ്ടതിന് പിന്നാലെ വലതുവിംഗില്‍ ഹോസു പ്രീറ്റോ മൂന്ന് മിനിട്ടിനുള്ളില്‍ മൂന്ന് അപകടകരമായ ഫൗള്‍ ചെയ്ത് മഞ്ഞക്കാര്‍ഡ‍് വാങ്ങിയത് കേരളത്തെ സമ്മര്‍ദ്ദത്തിലാക്കി. 30ാം മിനിട്ടില്‍ തന്നെ കോച്ച് സ്റ്റീവ് കോപ്പല്‍ ഹോസുവിനെ പിന്‍വലിച്ച് ദിദിയര്‍ കാഡിയോയെ ഇറക്കി. ഗോള്‍ മുഖത്ത് സന്ദീപ് നന്ദിയുടെ പിഴവുകളും കേരളത്തിന്റെ സമ്മര്‍ദ്ദം കൂട്ടി.