മലയാളികളുടെ സ്വന്തം ഐഎസ്എല്‍ ടീം കേരള ബ്ലാസ്‌റ്റേഴ്‌സിന് ക്ലബ് വമ്പന്മാരെ വെല്ലുന്ന റെക്കോ‍ഡ്. സോഷ്യല്‍ മീഡിയയില്‍ കാണികള്‍ പിന്തുടരുന്ന ടീമുകളില്‍ ഇന്ത്യയില്‍ നിന്നുളള ഒന്നാമതെത്തിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ്. ലോകത്തെ മുഴുവന്‍ രാജ്യങ്ങളിലെയും ഫുട്‌ബോള്‍ ക്ലബുകളുടെ സൈബര്‍ ഫോളോവേഴ്‌സിനെ കുറിച്ച് 'ഡിജിറ്റല്‍ സ്‌പോട്‌സ് മീഡിയ' പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്.

സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡും യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കിയ ലിസ്റ്റിലാണ് 80-മത്തെ സ്ഥാനത്ത് മലയാളികളുടെ പ്രിയ ക്ലബ് സ്ഥാനം പിടിച്ചിരിക്കുന്നത്. 

രണ്ട് മില്യണിലധികം (25 ലക്ഷം) ആരാധകരാണ് ബ്ലാസ്റ്റേഴ്‌സിനെ ഓണ്‍ലൈന്‍ ലോകത്ത് പിന്തുടരുന്നത്. സോഷ്യല്‍ വെബ് സൈറ്റുകളായ ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, പെരിസ്‌കോപ്പ്, ഗുഗിള്‍ പ്ലസ്, യൂട്യൂബ് എന്നിവ അടിസ്ഥാനമാക്കിയാണ് ഈ പഠനം നടത്തിയിരിക്കുന്നത്.

അതെസമയം ഐഎസ്എല്ലില്‍ എല്ലാ ക്ലബുകളും ആദ്യ 150 സ്ഥാനത്തിനുളളില്‍ ഇടംപിടിച്ചത് ഇന്ത്യന്‍ ഫുട്‌ബോളിന് നേട്ടമായി. അത്‌ലറ്റിക്കോ ഡി കൊല്‍ക്കത്ത 94-മത്തെ സ്ഥാനത്തും ഡല്‍ഹി ഡൈനാമോസ് 128-മത്തെ സ്ഥാനത്തും എഫ്‌സി ഗോവ 129-മത്തെ സ്ഥാനത്തും ഇടംപിടിച്ചു. 

143-മത്തെ സ്ഥാനത്തുളള നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡാണ് പട്ടികയില്‍ ഏറെ പിറകില്‍.
20 കോടിയിലധികം ആളുകളാണ് ബാഴ്‌സലോണയേയും റയല്‍ മാഡ്രിഡിനേയും സോഷ്യല്‍ മീജിയയില്‍ പിന്തുടരുന്നത്. മാഞ്ചസ്റ്ററിന് 11 കോടിയില്‍ അധികം ആളുകളും ചെല്‍സിയെ എട്ട് കോടിയോളം പേരും ഓണ്‍ലൈന്‍ ലോകത്ത് പിന്തുടരുന്നു.