കൊച്ചി: സ്വന്തം കാണികള്‍ക്ക് മുന്നിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവന്മരണപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ ചെന്നൈയിന്‍ എഫ് സിയാണ് എതിരാളികള്‍. രാത്രി എട്ടിനാണ് മത്സരം തുടങ്ങുന്നത്. അവസാന നാലില്‍ നിന്ന് അധികം അകലെയല്ല കേരള ബ്ലാസ്റ്റേഴ്സ്. ജംഷഡ്പൂരും ഗോവയും ഈയാഴ്ച ജയം കൈവിട്ടതോടെ മഞ്ഞപ്പട വീണ്ടും പ്ലേ ഓഫ് പ്രതീക്ഷകളിലായി. എങ്കിലും ഇന്ന് തോറ്റാൽ ബ്ലാസ്റ്റേഴ്സിന് ഈ സീസണിലെ കിരീടപ്രതീക്ഷകള്‍ അവസാനിപ്പിക്കാം.

24 പോയിന്റുമായി അ‌ഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം ബംഗളൂരുവിന്‍റെ തട്ടകത്തിലാണ്. ചെന്നൈയിൽ വിനീതിന്‍റെ അവസാന മിനിററ് ഗോളിൽ രക്ഷപ്പെട്ട പ്രകടനത്തേക്കാള്‍ ഏറെ മെച്ചപ്പെട്ടത് ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷ നൽകും.

പ്ലേ ഓഫിന് പടിവാതിലിലുള്ള ചെന്നൈയിന്‍ എഫ് സിക്ക് അവസാന മത്സരം വരെ സസ്പെന്‍സ് നീട്ടാൻ താത്പര്യമില്ല. ജേജേ ലക്ഷ്യം കാണാതിരുന്ന കഴിഞ്ഞ 4 മത്സരങ്ങളില്‍ ഒരു ഗോള്‍ വീതമേ ചെന്നൈക്ക് കണ്ടെത്താന്‍ കഴിഞ്ഞിരുന്നുള്ളൂ. നിലവില്‍ 29 പോയിന്റുമായി രണ്ടാം സ്ഥാനത്തുളള സൂപ്പര്‍ മച്ചാന്‍സിന് ഇന്ന് തോറ്റാലും ആദ്യനാലില്‍ തുടരാം.