കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ഡല്‍ഹി ഡൈനാമോസ് മത്സരത്തിന് പത്ത് മിനിറ്റാണ് എക്‌സ്ട്രാ ടൈം നല്‍കിയത്. റഫറിമാര്‍ ആദ്യം നല്‍കിയ നാല് മിനിറ്റ് എക്‌സ്ട്രാ ടൈമില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരങ്ങള്‍ പരിക്കുമായി ഗ്രൗണ്ടില്‍ വീണു കിടന്നു. ഇതില്‍ രോഷാകുലനായ ഡല്‍ഹി കോച്ച് മിഗുവല്‍ ആങ്ക്വല്‍ പോര്‍ച്ചുഗല്‍ പ്രതിഷേധം ഉയര്‍ത്തുകയും ഗ്രൗണ്ടില്‍ ബഹളം വെയ്ക്കുകയും ചെയ്തു. ടെലിവിഷന്‍ ചാനല്‍ ഇത് സംപ്രേഷണം ചെയ്തില്ലെങ്കിലും ഡല്‍ഹി കോച്ചിന്റെ ഇടപെടലിനെ തുടര്‍ന്നാണ് മത്സരം നൂറാം മിനിറ്റിലേക്ക് നീണ്ടത്.

94-മത്തെ മിനിറ്റില്‍ അവസാനിക്കേണ്ട മത്സരം ഡല്‍ഹി പരിശീലകന്‍റെ പ്രതിഷേധത്തെ തുടര്‍ന്നാണ് നൂറാം മിനിറ്റിലേക്ക് നീണ്ടത്. 101-മത്തെ മിനിറ്റിലാണ് റഫറി ഫൈനല്‍ വിസില്‍ മുഴക്കിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ഉയര്‍ത്തിയ രണ്ടു ഗോളുകള്‍ക്ക് ഈക്വലൈസര്‍ നേടുക എന്ന ശ്രമത്തിലാണ് ദില്ലി കോച്ച് ഗ്രൗണ്ടില്‍ തര്‍ക്കമുണ്ടാക്കിയതും മത്സരം ആറു മിനിറ്റിലേറെ നീട്ടിയതും.

പോയിന്റ് പട്ടികയില്‍ ഏറ്റവും ഒടുവില്‍ നില്‍ക്കുന്ന ഡല്‍ഹി ഡൈനാമോസിന് ഈ മത്സരം ജയിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ പത്തു പോയിന്റുമായി ഒമ്പതാമത് നില്‍ക്കുന്ന നോര്‍ത്ത് ഈസ്റ്റ് യൂണൈറ്റഡിന് ഒപ്പമെത്താമായിരുന്നു. നിലവില്‍ ഏഴു പോയിന്റുമായി പോയിന്‍റ് പട്ടികയില്‍ പത്താം സ്ഥാനത്താണ് ഡല്‍ഹിയുടെ സ്ഥാനം. 17 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ സ്ഥാനം.