കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ മൂന്നാം സീസണില്‍ കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ മത്സരം കാണാന്‍ എത്തിയവരില്‍ വന്‍ വര്‍ധന. ഏകദേശം ഒരു ലക്ഷത്തോളം കാണികളാണ് കഴിഞ്ഞ സീസണിനെക്കാള്‍ കൂടുതല്‍ കൊച്ചി സ്‌റ്റേഡിയത്തിലേക്കെത്തിയത്. മറ്റ് സ്‌റ്റേഡിയത്തിലെല്ലാം ആരാധകര്‍ കുറഞ്ഞപ്പോഴാണ് കൊച്ചിയിലെ സ്‌റ്റേഡിയത്തില്‍ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയത്.
ഐഎസ്എല്‍ മൂന്നാം സീസണില്‍ 3,44,054-കാണികളാണ് ഏഴു മല്‍സരങ്ങള്‍ കാണാന്‍ അന്ന് കൊച്ചിയില്‍ എത്തിയിരുന്നത്. എന്നാല്‍ ഇക്കുറിയത് 4,44,087 ആയാണ് ഉയര്‍ന്നത്. കൂടാതെ കാണികള്‍ കൂടുതല്‍ പ്രെഫഷനലാകുന്നതിനും കൊച്ചി സ്റ്റേഡിയം സാക്ഷ്യം വഹിച്ചു. ആദ്യ ഘട്ടത്തില്‍ ബ്ലസ്റ്റേഴ്‌സിന് ചില തോല്‍വികള്‍ പിണഞ്ഞ് പിറകിലായപ്പോഴും അവര്‍ പിന്മാറിയില്ല.
ടീമിന്റെ എവേ മല്‍സരങ്ങളിലും അവര്‍ ഗ്യാലറിയിലെത്തിയിരുന്നു. നോര്‍ത്ത് ഈസ്റ്റിന്റെ ഗ്യാലറിയില്‍ പോലും മഞ്ഞക്കൂപ്പായം അണിഞ്ഞുകൊണ്ട് അവര്‍ സാന്നിധ്യമറിയിച്ചു. കേരള ഫുട്‌ബോളിന് സമീപ ഭാവിയില്‍ ലഭിക്കാനിരിക്കുന്ന വലിയ പിന്തുണയുടെ നല്ല സൂചനയായിട്ടാണ് ഇത് വിലയിരുത്തപ്പെടുന്നത്.
അതെസമയം ഐഎസ്എല്ലില്‍ മറ്റ് സ്റ്റേഡിയങ്ങളെല്ലാം ഇക്കുറി നിരാശപ്പെടുത്തി. മുംബൈയില്‍ ഒരു ലക്ഷം പേരുടെ കുറവാണ് ഇക്കുറി രേഖപ്പെടുത്തിയത്. പ്രാഥമിക റൗണ്ടിലെ ഏഴു മല്‍സരങ്ങളും സെമീഫൈനലിന്റെ ആദ്യ പാദ മല്‍സരവും ഉള്‍പ്പെടെ എട്ടു മല്‍സരങ്ങളാണ് മുംബൈയുടെ മൈതാനത്ത് നടന്നത്. എന്നാല്‍ അത്രയും മല്‍സരങ്ങള്‍ കാണാന്‍ ഗ്യാലറിയില്‍ ആകെ എത്തിയത് 59,171 പേര്‍ മാത്രമാണ്. കഴിഞ്ഞ വര്‍ഷം ഇത് 1,58,983 ആയിരുന്നു.
പൂണെയുടെ കാര്യത്തിലും ഈ കുറവുണ്ടായിട്ടുണ്ട്. ഇക്കുറി അവര്‍ ഹോംഗ്രൗണ്ടില്‍ കളിച്ചത് പ്രാഥമിക റൗണ്ടിലെ ഏഴുമല്‍സരങ്ങളായിരുന്നു. ഇത്രയും മല്‍സരങ്ങള്‍ കാണാന്‍ ആകെ എത്തിയത് 60,117 പേര്‍. കഴിഞ്ഞ വര്‍ഷത്തെ എണ്ണം 68, 761-ഉം. കാണികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇവരോടൊപ്പം കൂട്ടാവുന്ന ഡല്‍ഹിയും പിന്നില്‍ പോയി. 1,35,627 പേരാണ് ഇക്കുറി നേരില്‍ കളികാണാന്‍ ഡല്‍ഹിയുടെ ഗ്യാലറിയില്‍ ഉണ്ടായിരുന്നത് കഴിഞ്ഞ വര്‍ഷം ഇത് 1,55,274 ആയിരുന്നു. ഇരുപതിനായിരം പേര്‍ കുറഞ്ഞു.
കഴിഞ്ഞ രണ്ടു സീസണുകളിലും കാണികളുടെ കാര്യത്തില്‍ റെക്കോഡിട്ട ടീമായിരുന്നു കൊല്‍ക്കത്ത. എന്നാല്‍ ഇത്തവണ അവര്‍ പിന്നില്‍ പോയി. അതിനുള്ള കാരണം പക്ഷേ സാങ്കേതികമാണ്. 68,000 പേര്‍ക്കിരുന്ന് കളികാണാന്‍ സൗകര്യമുള്ള സാട്ട്‌ലേക്കായിരുന്നു അവരുടെ ഹോം ഗ്രൗണ്ട്. അണ്ടര്‍-17 ലോകകപ്പിനു വേണ്ടി ഒരുങ്ങുന്നതിനാല്‍ മല്‍സരങ്ങള്‍ അവിടെ നിന്ന് 22,000 പേര്‍ക്കുമാത്രം ഇരിക്കാവുന്ന രബീന്ദ്രസരോബര്‍ സ്റ്റേഡിയത്തിലേക്ക് മാറ്റിയിരുന്നു.
കഴിഞ്ഞ വര്‍ഷം 4,05,659 പേരായിരുന്നു കൊല്‍ക്കത്തയുടെ മത്സരങ്ങള്‍ കാണാന്‍ എത്തിയത്. എന്നാല്‍ ഇത്തവണയത് 93,627-ആയി ചുരുങ്ങി. മൊത്തം ഇവിടെ മൂന്നു ലക്ഷത്തിലധികം പേരുടെ കുറവാണുണ്ടായത്. പ്രതീക്ഷയ്‌ക്കൊത്തുയരാതെ പോയ ഗോവയേയും ചെന്നൈയേയും കാണികള്‍ ഇക്കുറി കാര്യമാക്കിയില്ല. അതിനാല്‍ കുറവ് അവിടേയും സംഭവിച്ചു പൊതുവേ നാലുലക്ഷത്തോളം കാണികളുടെ കുറവുണ്ടായി മൂന്നാം സീസണ്‍ പൂര്‍ത്തിയാക്കിയ ഐ.എസ്.എല്ലിന്.
Kerala Blasters fans special
