Asianet News MalayalamAsianet News Malayalam

ബ്ലാസ്റ്റേര്‍സിന് തകര്‍പ്പന്‍ ജയം

Kerala Blasters FC vs FC Goa
Author
New Delhi, First Published Nov 8, 2016, 4:42 PM IST

ഒമ്പതാം മിനിറ്റിൽ റാഫേൽ കൊയ്ലോയിലൂടെ ഗോവയാണ് ആദ്യം മുന്നിലെത്തിയത്. റിച്ചാർലിസണിന്‍റെ ലോംഗ്പാസ് റാഫേൽ കൊയ്ലോ ക്ലോസ് റേഞ്ച് ഷോട്ടിലൂടെ വലയിലെത്തിക്കുകയായിരുന്നു. ആദ്യ പകുതിയിൽ കേരളം നിരവധി മുന്നേറ്റങ്ങൾ നടത്തിയെങ്കിലും ലക്ഷ്യത്തിലെത്തിക്കാനായില്ല. രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്സ് തിരിച്ചടിച്ചു. 48–മത്തെ മിനിറ്റിൽ ഗോളിലേക്കുള്ള ഷോട്ട് കൈകൊണ്ട് തടഞ്ഞ ഗ്രിഗറി അർനോളിന് റെഡ് കാർഡും ഗോവയ്ക്കു ശിക്ഷയായി റഫറി പെനാൽറ്റിയും വിധിച്ചു. പെനാൽറ്റിയെടുത്ത ബെൽഫോർട്ടിനു പിഴച്ചില്ല. കേരളം സമനില നേടി. 

ഗോവ പത്തു പേരിലേക്കു ചുരുങ്ങിയതോടെ കേരളം ആക്രമണം വർധിപ്പിച്ചു. മൈക്കൽ ചോപ്രയ്ക്ക് പകരം അന്റോണിയോ ജർമനും മുഹമ്മദ് റഫീഖിന് പകരം സി.കെ. വിനീത് ഗ്രൗണ്ടിലെത്തി. ഇതിനിടെ രണ്ടാം മഞ്ഞക്കാർഡ് കണ്ട് റിച്ചാർലിസൺ പുറത്തായതോടെ ഗോവ ഒമ്പതുപേരായി ചുരുങ്ങി. എന്നിട്ടും ബ്ലാസ്റ്റേഴ്സിന് ഗോൾ നേടാനായില്ല. എന്നാൽ ഇഞ്ചുറി ടൈമിന്റെ അവസാന മിനിറ്റിൽ സി.കെ.വിനീത് ലക്ഷ്യംകണ്ടു. ഹെംഗ്ബർട്ടിന്റെ ഹെഡർ ബോക്സിലെ കൂട്ടപ്പൊരിച്ചിലിനൊടുവിൽ സി.കെ വിനീത് ഗോവൻ വലയിൽ നിക്ഷേപിക്കുകയായിരുന്നു.

ഒമ്പതു കളികൾ പൂർത്തിയാക്കിയ എഫ്സി ഗോവ ഏഴു പോയിന്റുമായി ഏറ്റവും പിന്നിലാണ്. 12 പോയിന്റുമായി കേരള ബ്ലാസ്റ്റേഴ്സ് നാലാം സ്‌ഥാനത്തേക്കെത്തി. 

Follow Us:
Download App:
  • android
  • ios