മരണമുഖത്ത് ബ്ലാസ്റ്റേഴ്സ്; നോര്‍ത്ത് ഈസ്റ്റിനെതിരെ ഇന്ന് തോറ്റാല്‍ പുറത്ത്
ഗുവാഹത്തി: ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ജീവൻമരണ പോരാട്ടം. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെ ജയിച്ചില്ലെങ്കിൽ ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫിലെത്താതെ പുറത്താവും. രാത്രി എട്ടിന് ഗുവാഹത്തിയിലാണ് മത്സരം. റണ്ണേഴ്സപ്പിന്റെ തലയെടുപ്പുണ്ടെങ്കിലും മരണമുഖത്താണ് കേരള ബ്ലാസ്റ്റേഴ്സ്. പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്തണമെങ്കിൽ ജയത്തിൽ കുറഞ്ഞതൊന്നും മതിയാവില്ല. ജയിച്ചാലും ജാംഷെഡ്‌പൂര്‍, ഗോവ ടീമുകളുടെ വരാനിരിക്കുന്ന കളികളെകൂടി ആശ്രയിച്ചാവും ബ്ലാസ്റ്റേഴ്സിന്റെ തലവര തെളിയുക.
21 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. ബാക്കിയുള്ള മൂന്ന് കളിയും ജയിച്ചാൽ പരമാവധി നേടാനാവുക 30 പോയിന്റ്. 25 പോയിന്റുമായി നാലാം സ്ഥാനത്തുള്ള ജംഷെഡ്പൂരിനാണ്
സാധ്യത കൂടുതൽ. ഇനിയുള്ള മൂന്ന് കളിയിൽ രണ്ടെണ്ണം ജംഷെഡ്പൂർ ജയിച്ചാൽ ബ്ലാസ്റ്റേഴ്സിന്‍റെ കഥ കഴിയും.
20 പോയിന്‍റുമായി ഗോവ ആറാം സ്ഥാനത്താണ്. അവസാന മൂന്ന് കളിയും തോറ്റ നോർത്ത് ഈസ്റ്റിന്‍റെ പ്രമുഖ താരങ്ങൾ പരുക്കിന്‍റെ പിടിയിലായത് ബ്ലാസ്റ്റേഴ്സിന് മുൻതൂക്കം നൽകും. കൊൽക്കത്തയ്ക്കെതിരെ രണ്ടുതവണ മുന്നിലെത്തിയ ശേഷം സമനില വഴങ്ങിയതാണ് ബ്ലാസ്റ്റേഴ്സിനെ മരണ മുഖത്താക്കിയത്. ഇയാൻ ഹ്യൂമിന്‍റെ അഭാവവും തിരിച്ചടിയാവും. കൊച്ചിയിൽ ഏറ്റുമുട്ടിയപ്പോൾ ഒറ്റ ഗോൾ ജയം.