ദില്ലി: ഐ എസ് എല്ലില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ഡല്‍ഹി ഡൈനാമോസിനോടാണ് ബ്ലാസ്റ്റേഴ്‌‌സ് തോറ്റത്. ഡല്‍ഹിയുടെ തട്ടകത്തില്‍ നടന്ന മല്‍സരത്തില്‍ രണ്ടാം പകുതിയില്‍ കീന്‍ ലൂയിസ്, മാഴ്‌സെലീന്യോ എന്നിവര്‍ നേടിയ ഗോളുകളാണ് ഡൈനാമോസിന് വിജയമൊരുക്കിയത്. ഈ സീസണില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ മൂന്നാമത്തെ തോല്‍വിയാണിത്. ഈ വിജയത്തോടെ എട്ടു കളികളില്‍ 13 പോയിന്റുള്ള ഡല്‍ഹി ഡൈനാമോസാണ് പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. എട്ടു കളികളില്‍ ഒമ്പത് പോയിന്റുള്ള ബ്ലാസ്റ്റേഴ്‌സ് ആറാം സ്ഥാനത്താണ്. ഡൈനാമോസിന് വേണ്ടി പ്രതിരോധ നിരയില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവെച്ച് ബ്ലാസ്റ്റേഴ്‌സിന്റെ മുന്നേറ്റങ്ങളുടെ മുനയൊടിച്ച മലയാളി താരം അനസ് എടത്തൊടികയാണ് ഹീറോ ഓഫ് ദ മാച്ച്. ഗോള്‍രഹിതമായിരുന്ന ആദ്യ പകുതിക്ക് ശേഷം 56,60 മിനിട്ടുകളിലാണ് ഡൈനാമോസ് ഗോളുകള്‍ നേടിയത്. രണ്ടു ഗോളുകള്‍ വീണതോടെ മറുപടി നല്‍കാന്‍ ബ്ലാസ്റ്റേഴ്‌സ് കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതെല്ലാം ഡൈനാമോസ് പ്രതിരോധത്തില്‍ തട്ടിത്തെറിക്കുകയായിരുന്നു.

നവംബര്‍ എട്ടിന് സ്വന്തം തട്ടകത്തില്‍ എഫ് സി ഗോവയ്ക്കെതിരെയാണ് ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മല്‍സരം.