ഇടവേളയ്ക്ക് ശേഷം ഐ എസ് എല്‍ ഫുട്‌ബോള്‍ ഇന്ന് പുനരാരംഭിക്കുന്നു. പുതിയ കോച്ചിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ എടികെയെ നേരിടും. സികെ വിനീത് ഉള്‍പ്പടെയുള്ളവര്‍ ടീം വിട്ടതിനാല്‍ യുവതാരങ്ങളെ അണിനിരത്തിയാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക.

കൊച്ചി: ഇടവേളയ്ക്ക് ശേഷം ഐ എസ് എല്‍ ഫുട്‌ബോള്‍ ഇന്ന് പുനരാരംഭിക്കുന്നു. പുതിയ കോച്ചിന് കീഴില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ഹോം ഗ്രൗണ്ടില്‍ എടികെയെ നേരിടും. സികെ വിനീത് ഉള്‍പ്പടെയുള്ളവര്‍ ടീം വിട്ടതിനാല്‍ യുവതാരങ്ങളെ അണിനിരത്തിയാകും ബ്ലാസ്റ്റേഴ്‌സ് ഇന്ന് ഇറങ്ങുക. സൂപ്പര്‍ കപ്പ് പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ബ്ലാസ്റ്റേഴ്‌സിനും, പ്ലേ ഓഫില്‍ ഇടം പിടിക്കാന്‍ എടികെക്കും ഇന്നത്തെ വിജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ കൊച്ചിയിലെ ഇന്നത്തെ മത്സരത്തിന് വാശിയേറും.

അടിമുടി മാറ്റങ്ങളോടെയാണ് ഇടവേളക്ക് ശേഷം ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. പരിചയ സമ്പന്നരായ സി കെ വിനീതും, ഹോളി ചരണ്‍ നര്‍സാരിയും, നവീന്‍ കുമാറും ബ്ലാസ്റ്റേഴ്‌സ് വിട്ടു. ഏഷ്യന്‍ കപ്പില്‍ പരിക്കേറ്റ അനസ് എടത്തൊടികയുടെയും സേവനം ടീമിന് കിട്ടില്ല. റഫറിയുമായി തര്‍ക്കിച്ചതിന് മധ്യനിരതാരം എം പി സക്കീറിന് ആറ് മാസത്തെ സസ്‌പെന്‍ഷന്‍. കരുത്തരായ എടികെയെ നേരിടുമ്പോള്‍ ബ്ലാസ്റ്റേഴ്‌സിന്റെ അവസ്ഥ ഇതാണ്.

പ്ലേ ഓഫ് സാധ്യത അവസാനിച്ച ബ്ലാസ്റ്റേഴ്‌സിന് അഭിമാനി കാക്കാന്‍ മികച്ച പ്രകടനം കൊച്ചിയില്‍ പുറത്തെടുത്തെ തീരൂ. ടീമിന് ആത്മവിശ്വാസം ഉറപ്പാക്കുകയെന്നതാണ് ഡേവിഡ് ജെയിംസിന് പകരം പരിശീലകനായ നെലോ വിന്‍ഗാഡയുടെ ആദ്യ ചുമതലയും. ശുഭപ്രതീക്ഷയുണ്ടെന്നും വിജയമാണ് ലക്ഷ്യമെന്നും നെലോ വിന്‍ഗാഡ.

ബ്ലാസ്റ്റേഴ്‌സ് സീസണില്‍ നേടിയ ഏക വിജയം എടികെ ക്കെതിരെയാണ്. പക്ഷേ ഇത്തവണ കാര്യങ്ങള്‍ എളുപ്പമല്ല. സ്റ്റീവ് കോപ്പലിന് കീഴില്‍ പോയിന്റ് നിലയില്‍ ആറാം സ്ഥാനത്താണ് എടികെ. എഡ്യു ഗാര്‍ഷയെയും, പ്രീതം കോട്ടാലിനെയും ടീമിലെത്തിച്ച ടീം മുന്‍പത്തെക്കാള്‍ കരുത്തരാണ്.