കൊച്ചി: ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്കെതിരായ സമനിലയോടെ കേരളാ ബ്ലാസ്റ്റേഴ്സിന് മുന്നിലെ പ്ലേ ഓഫ് സാധ്യതകള്‍ അടയുന്നു. ലീഗില്‍ ബ്ലാസ്റ്റേഴിന് ഇനി മൂന്ന് കളിയാണ് ശേഷിക്കുന്നത്. 17ന് നോർത്ത് ഈസ്റ്റിനെതിരെയും 23ന് ചെന്നൈയിനെതിരെയും മാർച്ച് ഒന്നിന് ബെംഗളൂരു എഫ് സിക്കെതിരെയുമാണ് ബ്ലാസ്റ്റേഴ്സിന്റെ ശേഷിക്കുന്ന മത്സരങ്ങൾ.
ഇതിൽ ചെന്നൈക്കെതിരെ മാത്രമാണ് ഹോം മത്സരമുള്ളത്. മറ്റ് രണ്ട് കളിയും എതിരാളികളുടെ തട്ടകത്തിലാണ്. മൂന്ന് കളിയും ജയിച്ചാലെ ബ്ലാസ്റ്റേഴ്സിന് പ്ലേ ഓഫ് സാധ്യതയുള്ളു. ഇതോടൊപ്പം മറ്റ് ടീമുകളുടെ മത്സരഫലവും ബ്ലാസ്റ്റേഴ്സിന് നിർണായകമാവും. ബ്ലാസ്റ്റേഴ്സിനു മുന്നിലുമുള്ള ടീമുകളായ ജംഷഡ്പുരിനും ഗോവക്കും ബ്ലാസ്റ്റേഴ്സിനെക്കാൾ മികച്ച ഗോൾ ശരാശരിയുണ്ട്. ഈ രണ്ടു ടീമുകളുമായും നേരിട്ടു കളിയില്ലാത്തതിനാൽ ബ്ലാസ്റ്റേഴ്സിന് അവർ തോൽക്കാൻകൂടി വേണ്ടി പ്രാർഥിക്കണമെന്ന് ചുരുക്കും.
കൊല്‍ക്കത്തയ്ക്കെതിരെയ ജയിച്ചിരുന്നെങ്കില്‍ ബ്ലാസ്റ്റേഴ്സിന് ആദ്യ നാലിലെത്താനുള്ള സാധ്യതകള്‍ സജീവമാക്കാമിയരുന്നു. സമനിലയോടെ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ് ഇപ്പോള്‍. 30 പോയന്റുള്ള ബംഗലൂരുവും 25 പോയന്റുള്ള പൂനെയും പ്ലേ ഓഫ് ഏതാണ്ട് ഉറപ്പിച്ചിട്ടുണ്ട്. 23 പോയന്റുമായി മൂന്നാം സ്ഥാനത്തുള്ള ചെന്നൈയിനാകട്ടെ ബ്ലാസ്റ്റേഴ്സിനേക്കാള്‍ രണ്ട് കളികള്‍ കുറച്ചേ കളിച്ചിട്ടുള്ളു എന്ന ആനുകൂല്യമുണ്ട്. 22 പോയന്റുമായി നാലാം സ്ഥാനത്തുള്ള ജംഷഡ്പൂരും ബ്ലാസ്റ്റേഴ്സിനേക്കാള്‍ ഒരു മത്സരം കുറച്ചാണ് കളിച്ചിരിക്കുന്നത്.
ബ്ലാസ്റ്റേഴ്സിന് താഴെ ആറാം സ്ഥാനത്തുള്ള ഗോവയാകട്ടെ ബ്ലാസ്റ്റേഴ്സിനെക്കോള്‍ മൂന്ന് കളികള്‍ കുറച്ചെ കളിച്ചിട്ടുള്ളു. 17 പോയന്റുമായി ഏഴാം സ്ഥാനത്തുള്ള മുംബൈക്കുപോലും ഇനിയും അഞ്ച് മത്സരങ്ങള്‍ ബാക്കിയിയുണ്ട്. ഈ സാഹചര്യത്തില്‍ പ്ലേ ഓഫിലെത്താന്‍ നേരിയ സാധ്യതയെങ്കിലും അവശേഷിപ്പിക്കണമെങ്കില്‍ ഇനിയുള്ള എല്ലാ മത്സരങ്ങളും ജയിക്കുകയല്ലാതെ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ മറ്റു വഴികളില്ല.
