കോഴിക്കോട്: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മലയാളി താരം സി കെ വിനീതിനെ നിലനിര്‍ത്താന്‍ കേരള ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് തീരുമാനിച്ചു. വിനീതിനെ കൂടാതെ മെഹ്താബ് ഹുസൈനെയും ബ്ലാസ്റ്റേഴ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്. ടീമിലെ ഡിഫന്‍സീവ് മിഡ്‌ഫീല്‍ഡറായി തിളങ്ങിയ താരമാണ് മെഹ്‌താബ്. നേരത്തെ സന്ദേശ് ജിങ്കനെയും റിനോ ആന്റോയെയും നിലനിര്‍ത്താനായിരുന്നു ടീം മാനേജ്മെന്റ് ആലോചിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ വിനീതും മെഹ്താബും മതിയെന്ന് തീരുമാനിക്കുകയായിരുന്നു. ജിങ്കനെയും റിനോയെയും ഡ്രാഫ്റ്റിലൂടെ ടീമില്‍ നിലനിര്‍ത്താമെന്ന കണക്കുകൂട്ടലിലാണ് കേരള ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്മെന്റ്.

കഴിഞ്ഞ ഐ എസ് എല്‍ സീസണില്‍ ഗംഭീര പ്രകടനമായിരുന്നു സി കെ വിനീത് ബ്ലാസ്റ്റേഴ്‌സിനായി നടത്തിയത്. സീസണിന്റെ തുടക്കത്തില്‍ മോശം പ്രകടനത്തെത്തുടര്‍ന്ന് കാലിടറിപ്പോയ ബ്ലാസ്റ്റേഴ്‌സിന് പിന്നീട് ടീമിലെത്തിയ സി കെ വിനീത് തുണയാകുകയായിരുന്നു. സീസണിന്റെ പകുതിക്ക് ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേര്‍ന്ന വിനീത്, ഒമ്പത് മല്‍സരങ്ങളില്‍നിന്ന് അഞ്ചു ഗോളുകളാണ് നേടിയത്. ഒരു ഗോളിന് വഴിയൊരുക്കുകയും ചെയ്തു. വിനീതിന്റെ ഈ തകര്‍പ്പന്‍ പ്രകടനം ബ്ലാസ്റ്റേഴ്സിന്റെ ഫൈനല്‍ പ്രവേശനത്തില്‍ ഏറെ നിര്‍ണായകമായി മാറിയിരുന്നു. ഇതുകൊണ്ടുതന്നെയാണ് ടീമില്‍ നിലനിര്‍ത്തേണ്ട താരങ്ങളില്‍ പ്രഥമ പരിഗണന വിനീതിന് നല്‍കാന്‍ മാനേജ്മെന്റ് തീരുമാനിച്ചത്.