കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്ത. ഐഎഎസ്എല്‍ നാലാം സീസണിലും ബ്ലാസ്‌റ്റേഴ്‌സിനായി ആരാധകരുടെ പ്രിയപ്പെട്ട താരം ഹോസു പ്രിറ്റോ കുറൈസ് ഉണ്ടാകും. ഹോസു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം സ്ഥിരീകരിച്ചത്. നേരത്തെ ഹോസു സ്പാനിഷ് ക്ലബുമായി കരാറിലായെന്നും അദ്ദേഹം ഐഎസ്എല്‍ നാലാം സീസണില്‍ കൡക്കില്ലെന്നും മാധ്യമ വാര്‍ത്തകളുണ്ടായിരുന്നു. ഇക്കാര്യം പൂര്‍ണ്ണമായി തള്ളികൊണ്ടാണ് ഹോസു രംഗത്തെത്തിയിരിക്കുന്നത്.

കേരള ബ്ലാസ്‌റ്റേഴ്‌സ് നാലാം സീസണില്‍ നിങ്ങളെ മിസ് ചെയ്യും എന്ന ഒരു ആരാധകരന്റെ ട്വീറ്റിന് മറുപടിയായണ് ഹോസു തന്റെ നിലപാട് വ്യക്തമാക്കിയത്. ആരാണ് താന്‍ തിരിച്ചുവരില്ലെന്ന് പറഞ്ഞതെന്ന് ചോദിച്ച ഹോസുവിനോട് നിങ്ങള്‍ സ്പാനിഷ് ക്ലുബുമായി കരാറിലായെന്നും തിരിച്ചുവരില്ലെന്നും മാധ്യമ വാര്‍ത്തകളുണ്ടെന്നായിരുന്നു ആരാധകന്‍റെ മറുപടി നല്‍കി.

ഇതിന് പ്രതികരണമായാണ് ഹോസു ബ്ലാസ്‌റ്റേഴ്‌സിലേക്ക് തന്നെ തിരിച്ചുവരുമെന്ന് സൂചന നല്‍കിയത്. 'അവര്‍ക്കൊന്നും അറിയില്ല, ഒന്നാമത്തെ കാര്യം ഞാന്‍ സ്പാനിഷ് ക്ലബില്‍ കളിക്കുന്നില്ല, രണ്ടാത്തെ കാര്യം എനിക്ക് ഇന്ത്യയിലേക്ക് വരാന്‍ കഴിയും കാരണം, അവരുമായുളള എന്റെ കരാര്‍ ഇപ്പോഴും നിലനില്‍ക്കുന്നു' ഹോസു എഴുതി.

ഐഎസ്എല്‍ രണ്ടാം സീസണ്‍ മുതല്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ താരമാണ് ഹോസു പ്രിറ്റോ. ബ്ലാസ്‌റ്റേഴ്‌സിനായി കഴിഞ്ഞ രണ്ട് സീസണിലും തകര്‍പ്പന്‍ പ്രകടനമാണ് താരം കാഴ്ച്ചവെച്ചത്. നിരവധി ആരാധകരാണ് ഹോസുവിന് കേരളത്തിലുളളത്.

അതെസമയം ഐഎസ്എല്ലിനായി മികച്ച മുന്നൊരുക്കമാണ് ബ്ലാസ്‌റ്റേഴ്‌സ് ഈ സീസണില്‍ നടത്തുന്നത്. മലയാളി താരങ്ങളടക്കം നിരവധി പേരെ ടീമിലെത്തിക്കാനുളള നടപടികള്‍ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജുമെന്റ് ഇതിനോടകം തന്നെ തുടങ്ങിക്കഴിഞ്ഞു.