ദില്ലി: ജീവന്‍ മരണ പോരാട്ടമാണ് ഡല്‍ഹിക്കും ബ്ലാസ്‌റ്റേഴ്‌സിനും. ഇന്ന് ദില്ലിയില്‍ നടക്കുന്ന ഐഎസ്എല്‍ രണ്ടാം സെമിയിലെ രണ്ടാംപാദ മത്സരം. ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ബ്ലാസ്‌റ്റേഴ്‌സ് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറയുമ്പോഴും ഡല്‍ഹിയുടെ അപരാജിത ഹോം ഗ്രൗണ്ട് മത്സരങ്ങള്‍ ബ്ലാസ്‌റ്റേഴ്‌സിന് വെല്ലുവിളിയാകും.

കരുത്തും കുറവും പരസ്‌പരം മനസ്സിലാക്കിയ ടീമുകളാണ് കേരളാ ബ്ലാസ്‌റ്റേഴ്‌സും ഡെല്‍ഹി ഡൈനാമോസും. പരിശീലകര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലടക്കം ആ ബോധ്യം പ്രകടമായിരുന്നു. ജയമില്ലെങ്കിലും സമനില നേടിയാല്‍ ബ്ലാസ്‌റ്റേഴ്‌സിന് ഫൈനലില്‍ എത്താം. എന്നാല്‍ ജയത്തില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് പരിശീലകന്‍ സ്റ്റീവ് കോപ്പല്‍ പറഞ്ഞു.

ഹോം ഗ്രൗണ്ടെന്ന ആനുകൂല്യം ഡെല്‍ഹിക്ക് തീര്‍ച്ചയായും ഉണ്ട്. മാത്രമല്ല ഈ സീസണില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ കളിക്കാരും ഡെല്‍ഹിക്ക് സ്വന്തമാണ്. കൊച്ചിയില്‍ കാണിച്ച പിഴവുകള്‍ ബ്ലാസ്‌റ്റേഴ്‌സ് തിരുത്തിയില്ലെങ്കില്‍ ഡല്‍ഹിക്ക് മുന്നില്‍ പിടിച്ച് നില്‍ക്കുക എളുപ്പമാകില്ല. ഡല്‍ഹിയുടെ മാര്‍സെലീഞ്ഞ്യോ, ഗാഡ്‌സെ, മലൂദ ത്രയത്തെ തളക്കാന്‍ ആദ്യപാദത്തിലെന്നപോലെ ഹ്യൂസും, ഹെങ്ബര്‍ട്ടും കിണഞ്ഞ് ശ്രമിച്ചാലേ ഇന്നത്തെ മത്സരത്തില്‍ ബ്ലാസ്‌റ്റേഴ്‌സിന് പ്രതീക്ഷയുള്ളൂ.