ഐഎസ്എൽ നാലാംസീസണിൽ നഷ്ടപ്പെട്ട കിരീടമാണ് ലക്ഷ്യമിടുന്നതെന്ന് കേരള ബ്ലാസ്റ്റേഴ്സ്. മത്സരങ്ങൾക്ക് മുന്നോടിയായി ടീം സ്പെയിനിൽ പരിശീലനം നടത്തും. ഒരു വിദേശ താരത്തെ കൂടി വൈകാതെ ടീമിലെത്തിക്കുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് കൊച്ചിയിൽ അറിയിച്ചു.
ഇന്ത്യൻ സൂപ്പർ ലീഗിന്‍റെ മൂന്നാം സീസണിൽ കപ്പിനും ചുണ്ടിനും ഇടയിൽ നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാനാണ് നാലാംസീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്‍റെ വരവ്. ഇതിന്‍റെ ഭാഗമായാണ് മികച്ച ആഭ്യന്തര താരങ്ങൾക്കൊപ്പം മുൻനിര വിദേശ താരങ്ങളെ കൂടി ടീമിൽ എത്തിച്ചിരിക്കുന്നത്. മാഞ്ചസ്റ്റർ യുണൈറ്റഡിന്‍റെ മുൻതാരങ്ങളായ ദിമിതർ ബെർബറ്റോവും വെസ് ബ്രൗണും ടീമിന്‍റെ കുന്തമുനകളാകുമെന്നാണ് പ്രതീക്ഷ. ഏഴ് വിദേശതാരങ്ങളെ ടീം സ്വന്തമാക്കികഴിഞ്ഞു. ഒരു താരത്തെ കൂടി വൈകാതെ ടീമിലെത്തിക്കും. ഇതോടെ 17 ആഭ്യന്തര താരങ്ങളടക്കം ടീ അംഗങ്ങളുടെ എണ്ണം 25 ആകും.
സീസണ് മുന്നോടിയായുള്ള പരിശീലനത്തിനായി ടീം വൈകാതെ സ്പെയിനിലേക്ക് തിരിക്കും. അണ്ടർ 17 ഫുട്ബോൾ ലോകകപ്പ് ഇന്ത്യയിൽ നടക്കുന്നതിനാൽ, ലോകകപ്പ് മത്സരങ്ങൾക്ക് ശേഷമാകും ടീം മടങ്ങിയെത്തുക. ഇതിന് ശേഷം ഇന്ത്യയിൽ വച്ച് നടക്കുന്ന പരിശീലനത്തിൽ വിദേശ താരങ്ങളടക്കം മുഴുവൻ അംഗങ്ങളും പങ്കെടുക്കുമെന്നും ബ്ലാസ്റ്റേഴ്സ് മാനേജ്മെന്‍റ് കൊച്ചിയിൽ അറിയിച്ചു.
