പനാജി: സന്തോഷ് ട്രോഫി ഫുട്‌ബോളില്‍ പഞ്ചാബിനെതിരെ കേരളത്തിന് സമനില (2-2). ഒരു ഘട്ടത്തില്‍ തോല്‍വി മുഖാമുഖം കണ്ട കേരളം മത്സരത്തിന്റെ അവസാന നിമിഷങ്ങളിലാണ് ഗോള്‍ തിരിച്ചടിച്ച് മല്‍സരം സമനിലയില്‍ ആക്കിയത്. മുഹമ്മദ് പാറക്കോട്ടിലാണ് കേരളത്തിനായി രണ്ട് ഗോളുകളും നേടിയത്. 

ഗോള്‍രഹിതമായിരുന്ന ആദ്യപകുതിക്ക് ശേഷമാണ് മല്‍സരം ശരിക്കും ചടുലമായത്. നാല്‍പ്പത്തിയൊമ്പതാം മിനിട്ടില്‍ കേരള താരം ഷെറിന്റെ സെല്‍ഫ് ഗോളിലൂടെ പഞ്ചാബ് ലീഡ് നേടി. ഇതോടെ ഗോള്‍ മടക്കാന്‍ കേരളം ശക്തമായ ആക്രമണം കെട്ടഴിച്ചു. എന്നാല്‍ കളിയുടെ ഗതിക്ക് വിപരീതമായി പ‌ഞ്ചാബ് വീണ്ടും ഗോള്‍ നേടി. അമ്പത്തിയാറാം മിനിട്ടില്‍ മന്‍വീര്‍ സിങാണ് പഞ്ചാബിന്റെ ലീഡ് ഉയര്‍ത്തിയത്. രണ്ടു ഗോളിന് പിന്നിലായതോടെ കേരളം രണ്ടുംകല്‍പ്പിച്ചുള്ള കളി പുറത്തെടുത്തു. ഏതു നിമിഷവും ഗോള്‍ നേടുമെന്ന് തോന്നിപ്പിച്ചെങ്കിലും മല്‍സരം അവസാനിക്കുന്നതിന് ഒരു മിനിട്ട് ഉള്ളപ്പോഴാണ് കേരളം ഗോള്‍ മടക്കിയത്. മുഹമ്മദ് പറക്കോട്ടിലാണ് ഗോള്‍ നേടിയത്. മല്‍സരം ഇഞ്ച്വറി ടൈമിലേക്ക് കടന്നതോടെ കേരളം തോല്‍വി മണത്തു. എന്നാല്‍ മുഹമ്മദ് പറക്കോട്ടില്‍ ഒരിക്കല്‍ക്കൂടി രക്ഷകനായതോടെ തൊണ്ണൂറ്റിമൂന്നാം മിനിട്ടില്‍ കേരളം സമനില പിടിച്ചു. 

ആദ്യ മല്‍സരത്തില്‍ കേരളം 4-2ന് റെയില്‍വേസിനെ തോല്‍പ്പിച്ചിരുന്നു. മാര്‍ച്ച് 19ന് മിസോറമിനെതിരെയാണ് കേരളത്തിന്റെ അടുത്ത മല്‍സരം.