നിർണായകമായ രഞ്ജി ട്രോഫി മൽസരത്തിൽ ആദ്യദിനം ഹരിയാനയ്ക്കെതിരെ കേരളത്തിന് മേൽക്കൈ. ഒന്നാം ദിവസം കളിനിർത്തുമ്പോൾ എട്ടിന് 206 എന്ന നിലയിലാണ് ഹരിയാന. നിശ്ചിത ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിക്കൊണ്ടിരുന്ന കേരള ബൗളർമാർ ഒരു ഘട്ടത്തിൽപ്പോലും ഹരിയാന ബാറ്റ്‌സ്‌മാൻമാരെ നിലയുറപ്പിക്കാൻ അനുവദിച്ചില്ല. 45 റണ്‍സെടുത്ത രജത് പിൽവാൽ, 40 റണ്‍സെടുത്ത ഗുണ്ടശ്വീർ സിങ്, 36 റണ്‍സെടുത്ത ശുഭം റോഹില്ല എന്നിവരാണ് ഹരിയാനയ്‌ക്കുവേണ്ടി പേരിനെങ്കിലും തിളങ്ങിയത്. മൂന്നു വിക്കറ്റെടുത്ത സന്ദീപ് വാര്യരും രണ്ടു വിക്കറ്റെടുത്ത വിനോദ് കുമാറുമാണ് കേരളത്തിനുവേണ്ടി തിളങ്ങിയത്. നിധീഷ്, ബേസിൽ തമ്പി, ജലജ് സക്സേന എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി. ഈ മൽസരം വിജയിക്കാനായാൽ കേരളത്തിന് ചരിത്രത്തിലാദ്യമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടാനാകും.