തിരുവനന്തപുരം: സര്‍ക്കാര്‍ പ്രസിദ്ധീകരണമായ കേരള കോളിംഗ് മാസികയില്‍ പി.യു.ചിത്രയുടെ പേരും ഫോട്ടോയും മാറി അച്ചടിച്ച് പിആര്‍ഡി. ചിത്രയുടെ നേട്ടങ്ങളെ കുറിച്ച് മാസികയില്‍ പറയുന്നുണ്ടെങ്കിലും നല്‍കിയിരിക്കുന്നത് ഉത്തര്‍പ്രദേശ് സ്റ്റീപ്പിള്‍ചെയ്സ് താരം സുധാ സിംഗിന്‍റെ ഫോട്ടോ. ലേഖനത്തില്‍ പലതാരങ്ങളെക്കുറിച്ച് പറയുന്നതിനാല്‍ ഏതെങ്കിലും ഒരു ചിത്രം മതിയെന്നേ ഉദ്ദേശിച്ചുള്ളൂവെന്നാണ് പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടറുടെ മറുപടി.

വാട്ട് ഇന്ത്യ വിത്തൗട്ട് പിയു ചിത്ര ഇന്‍ ലണ്ടന്‍ എന്ന തലക്കെട്ടില്‍ ഇക്കഴിഞ്ഞ ലോക അത്‍ലറ്റിക് മീറ്റിലെ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനമാണ് ലേഖനത്തിന്‍റെ പ്രമേയം. ഇതില്‍ ചിത്രയെ തഴഞ്ഞതിനെപ്പറ്റിയും താരത്തിന്‍റെ കരിയറിനെക്കുറിച്ചും വിശദമായി വിവരിക്കുന്നുണ്ട്. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ തിളങ്ങിയ താരങ്ങളുടെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുന്ന മറ്റൊരു ലേഖനത്തില്‍ ചിത്രയ്ക്ക് ഇടമില്ല. പലയിടങ്ങളിലും പി.യു ചിത്രയുടെ പേരും മാറ്റിയാണ് മാസിക അച്ചടിച്ചത്.