തിരുവനന്തപുരം: രഞ്ജി ട്രോഫിയിൽ ചരിത്രം കുറിക്കാനൊരുങ്ങുകയാണ് കേരള ക്രിക്കറ്റ് ടീം. കരുത്തരായ സൌരാഷ്ട്രയെ തോൽപ്പിച്ചതോടെ ഗ്രൂപ്പ് ബിയിൽ ഒന്നാം സ്ഥാനത്താണ് കേരളം. ഇതോടെ കേരളത്തിന്റെ നോക്കൌട്ട് പ്രതീക്ഷകൾ വാനോളം ഉയർന്നിരിക്കുകയാണ്. അഞ്ച് മൽസരങ്ങളിൽ നാലു ജയവും ഒരു തോൽവിയും ഉൾപ്പടെ 24 പോയിന്റുമായാണ് കേരളം ഒന്നാമത് നിൽക്കുന്നത്. അഞ്ചു കളികളിൽ മൂന്നു ജയവും ഒരു സമനിലയും ഒരു തോൽവിയുമായി 23 പോയിന്റോടെ സൌരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത്. അതേസമയം ഒരു മൽസരം കുറച്ച് കളിച്ചിട്ടുള്ള ഗുജറാത്ത് 20 പോയിന്റോടെ, കേരളത്തിനും സൌരാഷ്ട്രയ്ക്കും ഭീഷണി ഉയർത്തിക്കൊണ്ട് തൊട്ടുപിന്നിലുണ്ട്. ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന രാജസ്ഥാനെതിരായ മൽസരത്തിൽ ഇന്നിംഗ്സ് ജയത്തിന് അരികിലാണ് ഗുജറാത്ത്. രാജസ്ഥാനെതിരെ ജയിച്ചാൽ ഗുജറാത്ത് 26 പോയിന്റുമായി ഒന്നാമതെത്തും. ഒരു ഗ്രൂപ്പിൽനിന്ന് രണ്ടു ടീമുകൾക്കാണ് ക്വാർട്ടറിൽ ഇടംലഭിക്കുക. അങ്ങനെയെങ്കിൽ കേരളം, ഗുജറാത്ത്, സൌരാഷ്ട്ര എന്നീ ടീമുകൾക്ക് ഗ്രൂപ്പിലെ അവസാന മൽസരം ഏറെ നിർണായകമാകും. അവസാന മൽസരത്തിൽ കേരളത്തിന് ഹരിയാനയാണ് എതിരാളികൾ. ഗുജറാത്തും സൌരാഷ്ട്രയും വെല്ലുവിളികളുമായി ഒപ്പമുള്ളതിനാൽ ഹരിയാനയ്ക്കെതിരായ മൽസരത്തിൽ കേരളത്തിന് വിജയിച്ചേ മതിയാകൂ. അല്ലെങ്കിൽ ഗുജറാത്തോ സൌരാഷ്ട്രയോ അവസാന മൽസരം തോൽക്കണം. താരതമ്യേന ദുർബലരായ എതിരാളികൾക്കെതിരെ ഇപ്പോഴത്തെ അവസ്ഥയിൽ ഗുജറാത്തോ സൌരാഷ്ട്രയോ തോൽക്കാനുള്ള സാധ്യത വളരെ കുറവാണ്. ഏതായാലും ഹരിയാനയ്ക്കെതിരെ അവരുടെ നാട്ടിൽ നടക്കുന്ന മൽസരം കേരള ക്രിക്കറ്റിനെ സംബന്ധിച്ചിടത്തോളം ഏറെ നിർണായകമായി മാറും. നവംബർ 25 മുതലാണ് കേരളം-ഹരിയാന മൽസരം.