തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിലെ നിര്‍ണായക മത്സരത്തില്‍ സൗരാഷ്ട്രയ്ക്കെതിരെ കേരളത്തിന് തിരിച്ചടി. കേരളം ഒന്നാം ഇന്നിംഗ്സില്‍ 225 റണ്‍സിന് പുറത്തായി. 68 റണ്‍സെടുത്ത സഞ്ജു സാംസണ്‍ മാത്രമാണ് കേരളത്തിനായി പൊരുതിയത്. രോഹന്‍ പ്രേം (29), സല്‍മാന്‍ നിസാര്‍ (28) ജലജ് സക്സേന (22) സച്ചിന്‍ ബേബി (15) എന്നിവരാണ് മറ്റ് സ്കോറര്‍മാര്‍. 

സൗരാഷ്ട്രയ്ക്കായി ധര്‍മ്മേന്ദ്രസിംഗ് ജഡേജ ആറും ജയദേവ് ഉനാദ്കട് രണ്ടും വിക്കറ്റ് വീതം വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ മികച്ച തുടക്കം ലഭിച്ച സൗരാഷ്ട്ര വിക്കറ്റ് പോകാതെ 37 റണ്‍സെന്ന നിലയിലാണ്. 20 റണ്‍സുമായി റോബിന്‍ ഉത്തപ്പയും 16 റണ്‍സെടുത്ത സ്‌നെല്‍ പട്ടേലുമാണ് ക്രീസില്‍. ക്വാര്‍ട്ടര്‍ സാധ്യത നിലനിര്‍ത്താന്‍ കേരളത്തിന് ജയം അനിവാര്യമാണ്.