ലണ്ടന്‍: ഇംഗ്ലണ്ട് ടീമില്‍ നിന്ന് ഏറെക്കാലമായി തഴയപ്പെട്ട കെവിന്‍ പീറ്റേഴ്സണ്‍ മാതൃരാജ്യമായ ദക്ഷിണാഫ്രിക്കയ്ക്കായി ബാറ്റേന്തുമോ ?. 2019 ലോകകപ്പില്‍ പീറ്റേഴ്സണ്‍ ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാനിറങ്ങിയാലും അത്ഭുതമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇപ്പോള്‍ 37 വയസുള്ള പീറ്റേഴ്സണ്‍ 2019ല്‍ മാത്രമെ ഐസിസി നിയമ പ്രകാരം ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാന്‍ യോഗ്യത നേടൂ. അപ്പോഴേക്കും പീറ്റേഴ്സണ്‍ 40 വയസിലെത്തും. കൗണ്ടി ക്രിക്കറ്റില്‍ സറെയ്ക്കായി അര്‍ധ സെഞ്ചുറി നേടിയ ശേഷമാണ് ദക്ഷിണാഫ്രിക്കയ്ക്കായി കളിക്കാനുള്ള തന്റെ മോഹം പീറ്റേഴ്സണ്‍ പങ്കുവെച്ചത്.

എനിക്കുമുന്നില്‍ രണ്ടുവര്‍ഷത്തെ സമയമുണ്ട്. അതിനുള്ളില്‍ എന്തു സംഭവിക്കുമെന്ന് അറിയില്ല.നിങ്ങളെപ്പോലെ ഞാനും കാത്തിരിക്കുകയാണ്.അടുത്ത രണ്ട് വര്‍ഷം ദക്ഷിണാഫ്രിക്കയില്‍ കൂടുതല്‍ ക്രിക്കറ്റ് കളിക്കാനാണ് താന്‍ ആലോചിക്കുന്നതെന്നും കെപി പറയുന്നു.

ബാറ്റിംഗ് ഞാനേറെ ഇഷ്ടപ്പെടുന്ന കാര്യമാണ്. ഇനിയു കുറേക്കാലം കൂടി ബാറ്റ് ചെയ്യാന്‍ എനിക്കാവുമെന്നാണ് കരുതുന്നത്. കാരണം ബാറ്റിംഗ് എന്ന കലയെ അത്രമേല്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എന്നാല്‍ പ്രായം എനിക്കുമുന്നില്‍ വലിയ വെല്ലുവിളിയാണ്. ഫീല്‍ഡില്‍ പണ്ടത്തെപ്പോലെ തിളങ്ങാനാവുന്നില്ല. മുട്ടുവേദനയും ഉണ്ട്. രണ്ട് വര്‍ഷത്തിനിപ്പുറവും ഞാന്‍ ബാറ്റിംഗ് ആസ്വദിക്കുകയാണെങ്കില്‍ ഞാന്‍ ഏറെ സന്തോഷകരമായ ഒരു സ്ഥാനത്ത് നിങ്ങള്‍ക്ക് കാണാന്‍ കഴിയും- കെപി കൂട്ടിച്ചേര്‍ത്തു.

ഇംഗ്ലീഷ് ക്രിക്കറ്റ് അധികൃതരുമായി കലഹിച്ചതിനെ തുടര്‍ന്നാണ് പീറ്റേഴ്സണ്‍ ദേശീയ ടീമില്‍ നിന്നും പുറത്തായത്. 2014ലെ ആഷസിലാണ് പീറ്റഴസണ്‍ അവസാനമായി ഇംഗ്ലീഷ് ടീമിന്റെ ജേഴ്‌സി അണിഞ്ഞത്.