പൂനെ: ഐപിഎല്ലില്‍ പരാജയ പരമ്പര തുടരുന്ന ധോണിയുടെ റൈസിംഗ് പൂനെ സൂപ്പര്‍ ജയന്റ്സിന് മറ്റൊരു തിരിച്ചടി കൂടി. കാല്‍ത്തുടയ്ക്ക് പരിക്കേറ്റ കെവിന്‍ പീറ്റേഴ്സണ്‍ ഐപിഎല്ലില്‍ നിന്ന് പിന്‍മാറി. വെള്ളിയാഴ്ച ബംഗലൂരു റോയല്‍ ചലഞ്ചേഴ്സിനെതിരായ മത്സരത്തില്‍ ആദ്യ പന്ത് നേരിട്ട പീറ്റേഴ്സണ്‍ റണ്ണിനായി ഓടാന്‍ ശ്രമിക്കുന്നതിനിടെയാണ് കാല്‍ത്തുടയ്ക്ക് പരിക്കേറ്റത്. വേദന സഹിക്കാനാവാതെ നടക്കാന്‍പോലും ബുദ്ധിമുട്ടിയ പീറ്റേഴ്സണ്‍ സഹായികളുടെ ചുമലില്‍ തൂങ്ങിയാണ് ഗ്രൗണ്ട് വിട്ടത്.
പീറ്റേഴ്സന്റെ പരിക്കിനെപ്പറ്റി ടീം മാനേജ്മെന്റ് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും നല്‍കിയിട്ടില്ലെങ്കിലും ഇന്ത്യയില്‍നിന്ന് മടങ്ങുകയാണെന്ന് പീറ്റേഴ്സണ്‍ തന്റെ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. ലണ്ടനില്‍ കുടുംബത്തോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമംയ ലഭിക്കുമെന്നും പീറ്റേഴ്സണ്‍ ഇന്‍സ്റ്റാഗ്രാമില്‍ വ്യക്തമാക്കി. മികച്ച കളിക്കാരുടെ സംഘത്തെ വിട്ടുപോവുന്നതില്‍ ദു:ഖമുണ്ടെന്നും നവംബര്‍വരെ അവധിക്കാലം ആഘോഷിക്കാമെന്നും കുറിപ്പില്‍ പറയുന്നു.
ബാറ്റിംഗില്‍ താളം കണ്ടെത്താനാതെ വിഷമിക്കുന്ന പൂനെയ്ക്ക് പീറ്റേഴ്സന്റെ മടക്കം കനത്ത തിരിച്ചടിയാണ്. വരും മത്സരങ്ങളില്‍ മിച്ചല്‍ മാര്‍ഷോ ആല്‍ബി മോര്‍ക്കലോ പീറ്റേഴ്സണ് പകരം അന്തിമ ഇലവനില്‍ കളിക്കുമെന്നാണ് കരുതുന്നത്.
