കൊച്ചി: ഐഎസ്എല്ലില്‍ സ്വപ്നതുല്യമായ തുടക്കമാണ് ഉഗാണ്ടന്‍ മിഡ് ഫീല്‍ഡര്‍ കെസിറോണ്‍ കിസിറ്റോയ്ക്ക് ലഭിച്ചത്. കേരള ബ്ലാസ്റ്റേഴ്സിന്‍റെ സമനില ഗോളിന് വഴിയൊരുക്കിയത് കിസിറ്റോയായിരുന്നു. ഉഗാണ്ട ഉള്‍പ്പെടുന്ന കിഴക്കന്‍ ആഫ്രിക്കന്‍ രാജ്യങ്ങളിലും കിസിറ്റോയുടെ ഐഎസ്എല്‍ അരങ്ങേറ്റം വാര്‍ത്തയായി. ലീഗില്‍ ഇരുപതുകാരന്‍ ഗംഭീര അരങ്ങേറ്റം കുറിച്ചു എന്നായിരുന്നു ഉഗാണ്ടന്‍ മാധ്യമങ്ങളുടെ വിശേഷണം. 

ബെള്‍ഗോറിയന്‍ ഇതിഹാസം ദിമിത്താര്‍ ബെര്‍ബറ്റോവിന് പകരമെത്തിയ താരം മൈതാനത്ത് വേഗവും ചടുലമായ നീക്കങ്ങളും കൊണ്ട് കയ്യടി നേടിയിരുന്നു. രണ്ടാം പകുതിയില്‍ മഞ്ഞപ്പടയുടെ പ്രത്യാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ കിസിറ്റോ പുനെ ഗോള്‍ മുഖത്ത് മിന്നലാക്രമണങ്ങല്‍ നടത്തി. കെനിയന്‍ ക്ലബ് എഎഫ്സി ലെപ്പേര്‍ഡ്‌സില്‍ നിന്നാണ് ഉഗാണ്ടന്‍ അന്താരാഷ്ട്ര താരമായ കിസിറ്റോ ബ്ലാസ്റ്റേഴ്സിലെത്തിയത്.