ജമൈക്ക: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലേതിലെന്നുപോലെ കരീബിയന്‍ പ്രീമിയര്‍ ലീഗിലും മിന്നും താരമാണ് കീറോണ്‍ പൊള്ളാര്‍ഡ്. എന്നാല്‍ കഴിഞ്ഞ ദിവസം പൊള്ളാര്‍ഡ് ആരാധകരുടെ ഹൃദയം കവര്‍ന്നത് ബാറ്റിംഗ് വെടിക്കെട്ടുകൊണ്ടല്ല, മാന്യതയുടെ ആള്‍രൂപമായാണ്. നിര്‍ണായക ഘട്ടത്തില്‍ എതിര്‍ ടീം ബാറ്റ്സ്മാനെ മങ്കാദ് ശൈലിയില്‍ പുറത്താക്കാന്‍ അവസരം ലഭിച്ചിട്ടും അത് വിനിയോഗിക്കാതെ ക്രിക്കറ്റ് മാന്യന്‍മാരുടെ കളി തന്നെയെന്ന് പൊള്ളാര്‍ഡ് തെളിയിച്ചു.

ഗയാന ആമസോണ്‍ വാരിയേഴ്സിനെതിരായ നിര്‍ണായക മത്സരത്തിലെ പത്തൊമ്പതാം ഓവറിലായിരുന്നു നാടകീയ സംഭവം. കീമോ പോളിനെതിരെ പത്തൊമ്പതാം ഓവറിലെ മൂന്നാം പന്ത് എറിയാനായി പൊള്ളാര്‍ഡ് ബൗളിംഗ് ക്രീസിനടുത്തെത്തുമ്പോഴേക്കും നോണ്‍ സ്ട്രൈക്കിംഗ് എന്‍ഡിലുണ്ടായിരുന്ന അസാദ് ഫുദാദിന്‍ റണ്ണെടുക്കാനായി ക്രീസ് വിട്ടിറങ്ങിയിരുന്നു. ബൗളിംഗ് ക്രീസിലെത്തിയ പൊള്ളാര്‍ഡിന് മങ്കാദ് രീതിയില്‍ ബെയ്ല്‍ തെറുപ്പിച്ച് ഫുദാദീനെ പുറത്താക്കാമായിരുന്നിട്ടും താരം അതിന് മുതിര്‍ന്നില്ല.

ഫുദാദീന്‍ ക്രീസില്‍ നിന്നിറങ്ങിപ്പോയകാര്യം ചൂണ്ടിക്കാട്ടി പൊള്ളാര്‍ഡ് പന്തെറിയാനായി തിരിച്ചുനടന്നു. മത്സരത്തില്‍ പൊള്ളാര്‍ഡിന്റെ ടീം അവസാന ഓവറില്‍ തോല്‍വി വഴങ്ങി. 1947ല്‍ ഓസ്ട്രേലിയക്കെതിരെ ഇന്ത്യന്‍ ബാറ്റ്സ്മാന്‍ വിനു മങ്കാദിനെ ബില്ലി ബ്രൗണ്‍ സമാനമായ രീതിയില്‍ റണ്ണൗട്ടാക്കിയതിനുശേഷമാണ് ഇത്തരത്തിലുള്ള പുറത്താക്കലുകള്‍ക്ക് മങ്കാദ് രീതിയെന്ന് പേരുവന്നത്. ക്രിക്കറ്റ് നിയമമനുസരിച്ച് ഇത് അനുവദനീയമാണ്.