മുംബൈ: കെ എല്‍ രാഹുലിന് അഭിനന്ദനവുമായി ഇന്ത്യന്‍ ടീം ഡയറക്ടര്‍ രവി ശാസ്‌ത്രി. ഒരുവര്‍ഷത്തിനിടെ ലോക ക്രിക്കറ്റില്‍ ഏറ്റവും മെച്ചപ്പെട്ട താരം രാഹുലാണെന്ന് രവി ശാസ്‌ത്രി പറഞ്ഞു. വിന്‍ഡീസിനെതിരെ ട്വന്റി- 20യില്‍ അതിവേഗ സെഞ്ച്വറി നേടിയതോടെയാണ് കെ എല്‍ രാഹുലിന് രവി ശാസ്‌ത്രിയുടെ പ്രശംസ. ഇതോടെ ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റുകളിലും സെഞ്ച്വറിയെന്ന നേട്ടവും രാഹുലിന് സ്വന്തമായി.
ഒരുവര്‍ഷത്തിനിടെ ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ കളിമെച്ചപ്പെടുത്തിയ താരമാണ് രാഹുല്‍. ടെസ്റ്റില്‍ മാത്രമല്ല, മറ്റ് ഫോര്‍മാറ്റുകളിലും അനായാസം കളിക്കാന്‍ കഴിയുന്നു. വിക്കറ്റ് കീപ്പര്‍കൂടിയാണെന്നത് രാഹുലിന് മറ്റുകളിക്കാരേക്കാള്‍ മുന്‍തൂക്കം നല്‍കുമെന്നും രവി ശാസ്‌ത്രി പറഞ്ഞു.
24കാരനായ രാഹുല്‍ 8 ടെസ്റ്റുകളില്‍ നിന്ന് 3 സെഞ്ച്വറിയോടെ 492 റണ്‍സും 3 ഏകദിനങ്ങളില്‍ നിന്ന് ഒരു സെഞ്ച്വറിയോടെ 196 റണ്‍സും 5 ട്വന്റി- 20യില്‍ നിന്ന് ഒരു സെഞ്ച്വറിയടക്കം 179 റണ്‍സുമെടുത്തിട്ടുണ്ട്.
