മുംബൈ: ഇന്ത്യന്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാനും കെഎല്‍ രാഹുലിനും ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം. ശ്രീലങ്കയ്ക്കെതിരായ മികച്ച പ്രകടനമാണ് ഇരുവരെയും കരിയറിലെ മികച്ച റാങ്കിലെത്തിച്ചത്. പരമ്പരയില്‍ രണ്ട് സെഞ്ചുറികള്‍ നേടിയ ധവാന്‍ പത്ത് സ്ഥാനങ്ങളുയര്‍ന്ന് 28 സ്ഥാനത്തെത്തി. അവസാന രണ്ട് മല്‍സരങ്ങളില്‍ ബാറ്റ് ചെയ്ത കെഎല്‍ രാഹുല്‍ ഒമ്പതാം സ്ഥാനത്തുണ്ട്. 

ചേതേശ്വര്‍ പൂജാര, വിരാട് കോലി, അജിങ്ക്യ രഹാന എന്നിവരാണ് ആദ്യ പത്തിലുള്ള മറ്റ് ഇന്ത്യന്‍ താരങ്ങള്‍. ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവന്‍ സ്മിത്താണ് ഒന്നാം സ്ഥാനത്ത്. ജോ റൂട്ടും കെയ്ന്‍ വില്ല്യംസണുമാണ് രണ്ടും, മൂന്നും സ്ഥാനങ്ങളില്‍. ടീം റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തി. അതേസമയം പരമ്പര ദയനീയമായി തോറ്റ ശ്രീലങ്ക ഏഴാം സ്ഥാനത്തായി.

ബോളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ മാറ്റമില്ല. രവീന്ദ്ര ജഡേജ ഒന്നാം സ്ഥാനവും ആര്‍ അശ്വിന്‍ മുന്നാം സ്ഥാനവും നിലനിര്‍ത്തി. ഇംഗ്ലണ്ടിന്‍റെ ജയിംസ് ആന്‍ഡേഴ്സനാണ് രണ്ടാമത്. അവസാന മല്‍സരത്തിലെ മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ കുല്‍ദീപ് യാദവ് 29 സ്ഥാനങ്ങള്‍ മുന്നോട്ടു കയറി 58ലെത്തി. മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരാണ് യഥാക്രമം 19, 21 സ്ഥാനങ്ങളില്‍.

ഓള്‍റൗണ്ടര്‍മാരില്‍ ബംഗ്ലാദേശ് താരം ഷാക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്ത് തിരിച്ചെത്തി. രവീന്ദ്ര ജഡേജ രണ്ടാം സ്ഥാനത്തും ആര്‍ അശ്വിന്‍ മുന്നാമതുമാണ്. ശ്രീലങ്കയ്ക്കെതിരായ അവസാന മല്‍സരത്തില്‍ സസ്പെന്‍ഷനാണ് ജഡേജക്ക് വിനയായത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ മിന്നും പ്രകടനം കാഴ്ച്ചവെച്ച ഇംഗ്ലണ്ടിന്‍റെ മൊയ്ന്‍ അലി, ബെന്‍ സ്റ്റോക്സ് എന്നിവരാണ് മൂന്നും നാലും സ്ഥാനങ്ങളില്‍.