മുംബൈ: പരിക്ക് ഗുരുതമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ശ്രീലങ്കന്‍ ഫാസ്റ്റ്‌ബൌളര്‍ മലിംഗ ഈ ഐപിഎല്ലില്‍ നിന്നും പുറത്ത്. മലിംഗയ്ക്ക് പകരം ആരാണ് മുംബൈ ഇന്ത്യന്‍സ് ടീമിലെത്തുകയെന്നത് വ്യക്തമായിട്ടില്ല. നേരത്തെ പരിക്ക് കാരണം സിമ്മണ്‍സും മുംബൈ ടീം വിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് മലിംഗ ഐപിഎല്‍ കളിക്കാന്‍ മുംബൈ ടീമിനൊപ്പം ചേര്‍ന്നത്. എന്നാല്‍ അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ താരത്തിന് കാല്‍മുട്ടിന് അടിയന്തര ശസ്ത്രക്രിയ വേണമെന്ന് വിധിച്ചതോടെ മലിംഗ ടീമില്‍ നിന്നും പുറത്താകുകയായിരുന്നു.

കഴിഞ്ഞ നവംബറില്‍ ഇടത് കാലിനേറ്റ പരിക്കാണ് മലിംഗയുടെ ക്രിക്കറ്റ് കരിയറിന് തന്നെ ഭീഷണിയാകും വിധത്തില്‍ വളര്‍ന്നത്. തുടര്‍ന്ന് ബംഗ്ലാദേശില്‍ നടന്ന ഏഷ്യ കപ്പില്‍ ശ്രീലങ്കന്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മലിംഗയ്ക്ക ഒരു മത്സരം മാത്രമാണ് കളിക്കാനായത്. ഇതിനാല്‍ തന്നെ ടി20 ലോകകപ്പില്‍ നിന്നും മലിംഗ ശ്രീലങ്കന്‍ ടീമില്‍ നിന്നും പിന്‍മാറിയിരുന്നു.

ഐപിഎല്ലില്‍ ഏറ്റവും വലിയ കൂടുതല്‍ വിക്കറ്റ് വീഴ്ത്തിയിട്ടുളള മലിംഗയുടെ അഭാവം ടൂര്‍ണ്ണമെന്റില്‍ മുംബൈയ്ക്ക് തിരിച്ചടിയാകുകയാണ്. ആദ്യ മൂന്ന് മത്സരങ്ങളില്‍ രണ്ടിലും മുംബൈ ടീമിന്‌ തോല്‍വിയായിരുന്നു.