പെര്‍ത്ത്: ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെ ബൗണ്‍സര്‍ തലയില്‍ക്കൊണ്ട ഓസ്ട്രേലിയന്‍ ടെസ്റ്റ് താരം ആദം വോഗസിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ടാസ്മാനിയക്കെതിരെ വെസ്റ്റേണ്‍ ഓസ്ട്രേലിയക്കുവേണ്ടിയാണ് വോഗസ് ക്രീസിലിറങ്ങിയത്. ടാസ്മാനിയന്‍ താരം കാമറൂണ്‍ സ്റ്റീവന്‍സന്റെ ബൗണ്‍സര്‍ ഹെല്‍മറ്റില്‍ കൊണ്ട ഉടനെ നിലത്ത് കുനിഞ്ഞിരുന്ന വോഗസ് വേദന കൊണ്ട് പുളഞ്ഞു. ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയ വോഗസിനെ പരിശോധനകള്‍ക്ക് വിധേയനാക്കി.
തലയില്‍ ശക്തമായ കമ്പനം അനുഭവപ്പെട്ടതിനാല്‍ കൂടുതല്‍ പരിശോധനകള്‍ക്കായി വോഗസ് ആശുപത്രിയില്‍ തുടരും.എന്നാല്‍ വോഗസിന്റെ ആരോഗ്യനില തൃപ്തികരമാണെന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് അസോസിയേഷന്‍ ട്വിറ്ററില്‍ വ്യക്തമാക്കി. ശേഷിക്കുന്ന മത്സരങ്ങളില്‍ വോഗസിന്റെ സേവനം വെസ്റ്റേണ്‍ ഓസ്ട്രേലിയക്ക് നഷ്ടമാവും. ആഭ്യന്തര ക്രിക്കറ്റ് മത്സരത്തിനിടെ തലയില്‍ പന്ത് കൊണ്ടതിനെത്തുടര്‍ന്നുള്ള ആന്തരിക രക്തസ്രാവത്തെ്തുടര്‍ന്ന് മരിച്ച മുന്‍ ഓസ്ട്രേലിയന്‍ താരം ഫില്‍ ഹ്യൂസിന്റെ ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് കഴിഞ്ഞ ആഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ഓസീസ് ക്രിക്കറ്റിനെ ഞെട്ടിച്ച് മറ്റൊരു താരത്തിന് കൂടി ബൗണ്‍സറില്‍ പരിക്കേല്‍ക്കുന്നത്.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീമില്‍ അംഗമായ വോഗസിന് കാര്യമായി തിളങ്ങാനായിരുന്നില്ല. ഇതിനെത്തുടര്‍ന്നാണ് 37കാരനായ വോഗസ് കോച്ച് ഡാരന്‍ ലീമാന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ തയാറായത്. ഈ വര്‍ഷം രണ്ടാം തവണയാണ് വോഗസ് ഗ്രൗണ്ടില്‍ പന്ത് കൊണ്ട് വീഴുന്നത്. ഈ വര്‍ഷമാദ്യം കൗണ്ടി ക്രിക്കറ്റില്‍ മിഡില്‍ സെക്സിനുവേണ്ടി ഫീല്‍ഡ് ചെയ്യുന്നതിനിടെ ത്രോ ചെയ്ത പന്ത് തലയില്‍ക്കൊണ്ടും വോഗസിന് പരിക്കേറ്റിരുന്നു.
