ബംഗലൂരു: ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലി ട്വിന്റി-20 ലോകകപ്പിലെ മിന്നുന്ന ഫോം ഐപിഎല്ലിലും തുടര്‍ന്നപ്പോള്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബംഗലൂരുവിന് വിജയത്തുടക്കം. ട്വന്റി-20 ലോകകപ്പിലെ നിരാശാജനകമായ പ്രകടനം മായ്ക്കുന്ന പ്രകടനവുമായി എ.ബി.ഡിവില്ലിയേഴ്സും കളം നിറഞ്ഞപ്പോള്‍ ആദ്യം ബാറ്റ് ചെയ്ത ബംഗലൂരു 20 ഓവറില്‍ അടിച്ചുകൂട്ടിയത് 227 റണ്‍സ്. മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ പൊരുതിനോക്കിയെങ്കിലും കൂട്ടിനാളില്ലാതായതോടെ സണ്‍റൈസേഴ്സ് വിജയലക്ഷ്യത്തിന് 45 റണ്‍സകലെ പോരാട്ടം അവസാനിപ്പിച്ചു. സ്കോര്‍ ബംഗലൂരു റോയല്‍ ചലഞ്ചേഴ്സ് 20 ഓവറില്‍ 227/4, സണ്‍റൈസേഴ്സ് 20 ഓവറില്‍ 182/6/.

ക്രിസ് ഗെയിലിനെ(1) തുടക്കത്തിലെ മടക്കിയ ഭുവനേശ്വര്‍കുമാര്‍ ബംഗലൂരുവിനെ ഞെട്ടിച്ചെങ്കിലും കൊഹ്‌ലിക്ക് കൂട്ടായി ഡിവില്ലിയേഴ്സ് എത്തിയതോടെ ബംഗലൂരു അടിച്ചുതകര്‍ത്തു. 40 പന്തില്‍ 50 റണ്‍സടിച്ച കൊഹ്‌ലി 51 പന്തില്‍ 75 റണ്‍സടിച്ചപ്പോള്‍ 42 പന്തില്‍ 82 റണ്‍സടിച്ച ഡ‍ിവില്ലിയേഴ്സ് സണ്‍റൈസേഴ്സ് ബൗളര്‍മാരെ കാഴ്ചക്കാരാക്കി. 26 പന്തിലായിരുന്നു ഡിവില്ലിയേഴ്സ് 50 അടിച്ചത്. ആറ് സിക്സറും ഏഴ് ഫോറും അടങ്ങുന്നതാണ് ഡിവില്ലിയേഴ്സിന്റെ ഇന്നിംഗ്സ്. അവസാന ഓവറില്‍ ആ‍ഞ്ഞടിച്ച കൗമാര താരം സര്‍ഫ്രാസ് ഖാനാണ്(10 പന്തില്‍ 35 നോട്ടൗട്ട്) ബംഗലൂരുവുവിനെ 200 കടത്തിയത്.

മറുപടി ബാറ്റിംഗില്‍ ക്യാപ്റ്റന്‍ ഡേവിവ്ഡ വാര്‍ണര്‍(25 പന്തില്‍ 58) ആഞ്ഞടിച്ചെങ്കിലും കൂട്ടിനാരുമുണ്ടായില്ല. ആശിശ് റെഡ്ഡിയും(18 പന്തില്‍ 32) ഓയിന്‍ മോര്‍ഗനും (18 പന്തില്‍ 22 നോട്ടൗട്ട്) നടത്തിയ ചെറുത്തുനില്‍പ്പ് തോല്‍വിഭാരം കുറച്ചുവെന്ന് മാത്രം. ഡിവില്ലിയേഴ്സാണ് കളിയിലെ കേമന്‍.