ഇന്‍ഡോര്‍: ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയുടെ ഡബിള്‍ സെഞ്ചുറിയുടെയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയുടെ സെഞ്ചുറിയുടെയും കരുത്തില്‍ ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് കൂറ്റന്‍ സ്കോര്‍. രണ്ടാം ദിനം അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 557 റണ്‍സെടുത്ത് ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിംഗ് തുടങ്ങിയ കീവീസ് രണ്ടാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെടുത്തു. 17 റണ്‍സുമായി മാര്‍ട്ടിന്‍ ഗപ്ടിലും ആറു റണ്‍സുമായി ടോം ലഥാമുമാണ് ക്രീസില്‍.
വിരാട് കൊഹ്‌ലിയുടെ കരിയറിലെ രണ്ടാം ഡബിള്‍ സെഞ്ചുറിയാണ് ഇന്ന് ഇന്‍ഡോറില്‍ പിറന്നത്. 347 പന്തില്‍ ഡബിള്‍ സെഞ്ചുറി തികച്ച കൊഹ്‌ലി 211 റണ്‍സെടുത്ത് പുറത്തായി. ക്യാപ്റ്റനെന്ന നിലയില്‍ രണ്ട് ഡബിള്‍ സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും കൊഹ്‌ലി ഇന്ന് സ്വന്തമാക്കി. ഈ വര്‍ഷം വെസ്റ്റിന്‍ഡീസിനെതിരെ ഡബിള്‍ തികച്ച കൊഹ്‌ലി വിദേശമണ്ണില്‍ ഡബിള്‍ തികയ്ക്കുന്ന ആദ്യ ഇന്ത്യന്‍ നായകനെന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. ക്യാപ്റ്റന് ഉറച്ച പിന്തുണ നല്‍കിയ അജിങ്ക്യാ രഹാനെ 188 റണ്‍സെടുത്തു. കരിയറിലെ എട്ടാം സെഞ്ചുറിയാണ് രഹാനെ ഇന്‍ഡോറില്‍ കുറിച്ചത്.
കൊഹ്‌ലി-രഹാനെ സഖ്യം നാലാം വിക്കറ്റില്‍ 365 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ഏകദിന ശൈലിയില്‍ ബാറ്റ് വീശിയ രോഹിത് ശര്‍മ 63 പന്തില്‍ 53 റണ്‍സെടുത്ത് പുറത്താകാതെ നിന്നപ്പോള്‍ ജഡേജ 17 റണ്‍സെടുത്തു. കീവീസിനായി ബൗള്‍ട്ടും ജിതന്‍ പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.
