ആര്‍സിബിക്ക് 14 കളികളില്‍ 16 ലഭിച്ചപ്പോള്‍, ഡെയര്‍ഡെവിള്‍സിന് ഇത്രയും കളികളില്‍നിന്ന് 14 പോയിന്റാണുള്ളത്. ഗ്രൂപ്പില്‍ രണ്ടാം സ്ഥാനത്താണ് ആര്‍സിബി. ഗുജറാത്ത് ലയണ്‍സ് ആണ് ഒന്നാമത്. ആര്‍സിബി, ഗുജറാത്ത് ലയണ്‍സ്, എന്നീ ടീമുകളെ കൂടാതെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളും പ്ലേ ഓഫില്‍ എത്തിയിട്ടുണ്ട്.

ഇരു ടീമുകള്‍ക്കും ജയം അനിവാര്യമായിരുന്ന മല്‍സരത്തില്‍ ഡെയര്‍ഡെവിള്‍സ് ഉയര്‍ത്തിയ 139 റണ്‍സിന്റെ വിജയലക്ഷ്യം 11 പന്തും ആറു വിക്കറ്റും ശേഷിക്കെയാണ് ആര്‍സിബി മറികടന്നത്. മുന്‍ മല്‍സരങ്ങളിലെ തകര്‍പ്പന‍് ഫോം തുടര്‍ന്ന നായകന്‍ വിരാട് കൊഹ്‌ലിയാണ് ആര്‍സിബിയുടെ വിജയശില്‍പി. 45 പന്തില്‍ 54 റണ്‍സെടുത്ത കൊഹ്‌ലി പുറത്താകാതെ നിന്നു. കെ എല്‍ രാഹുല്‍ 38 റണ്‍സോടെ പുറത്താകാതെ നിന്നു. വാട്ട്സണ്ർ 16 റണ്‍സും ഡിവില്ലിയേഴ്സ്‌ ആറു റണ്‍സും ക്രിസ് ഗെയ്ല്‍ ഒരു റണ്‍സുമെടുത്ത് പുറത്തായി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റു ചെയ്‌ത ഡല്‍ഹി ഡെയര്‍ഡെവിള്‍സിനുവേണ്ടി 60 റണ്‍സെടുത്ത ക്വിന്റന്‍ ഡി കോക്കും പുറത്താകാതെ 27 റണ്‍സെടുത്ത ക്രിസ് മോറിസുമാണ് ബാറ്റിങില്‍ തിളങ്ങിയത്. റിഷഭ് പന്ത്(ഒന്ന്), കരുണ്‍ നായര്‍(11), സഞ്ജു വി സാംസണ്‍(17) എന്നിവര്‍ നിരാശപ്പെടുത്തി. ആര്‍സിബിക്കു വേണ്ടി ചഹല്‍ മൂന്നും ക്രിസ് ഗെയ്ല്‍ രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി.

വിരാട് കൊഹ്‌ലിയാണ് മാന്‍ ഓഫ് ദ മാച്ച്.