ദില്ലി: സമകാലിക ക്രിക്കറ്റിലെ മികച്ച ബാറ്റ്സ്മാന്‍ ആരെന്ന ചര്‍ച്ചകള്‍ വീണ്ടും ചൂടുപിടിക്കുകയാണ്. 2017 ലെ പ്രകടനത്തിന്‍റെ അടിസ്ഥാനത്തില്‍ മികച്ച താരത്തെ കണ്ടെത്താനാണ് മിക്കവരുടെയും ശ്രമം. റണ്‍വേട്ടയില്‍ മുന്നില്‍ നില്‍ക്കുന്നത് ഏകദിന ക്രിക്കറ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും ടെസ്റ്റില്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്‌മിത്തുമാണ്. ഇവരെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ജോ റൂട്ട്, രോഹിത് ശര്‍മ്മ, കെയ്ന്‍ വില്യംസണ്‍,എ.ബി ഡിവില്ലേ‌ഴ്‌സ്, ഹാഷിം അംല എന്നിവരും ഈ വര്‍ഷത്തെ മിന്നും താരങ്ങളാണ്.

റണ്‍വേട്ടയില്‍ മുന്നിലുള്ള കോലിക്കും സ്മിത്തുനുമാണ് ക്രിക്കറ്റ് ചര്‍ച്ചകളിലും മുന്നില്‍ സ്ഥാനം‍. എന്നാല്‍ മികച്ച താരത്തെ തെരഞ്ഞുള്ള ചര്‍ച്ചകള്‍ക്ക് ഇപ്പോള്‍ വിരാമമിട്ടിരിക്കുകയാണ് ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറായിരുന്ന വിരേന്ദര്‍ സെവാഗ്. കോലിയാണ് സമകാലിക ക്രിക്കറ്റിലെ മികച്ച താരമെന്നാണ് മുന്‍ ഇന്ത്യന്‍ താരത്തിന്‍റെ അഭിപ്രായം. മൂന്ന് ഫോര്‍മാറ്റുകളിലും കോലി തുടരുന്ന മിന്നും ഫോമാണ് കോലിയെ പ്രിയങ്കരനാക്കുന്നതെന്ന് വീരു പറയുന്നു.