ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിക്ക് ഇരട്ട സെ‌ഞ്ച്വറി. 211 റണ‍്സെടുത്ത കൊഹ്‌ലിയുടെയും 12 റണ്‍സിന് ഇരട്ടസെഞ്ച്വറി നഷ്‌ടമായ അജിന‍്ക്യ രഹാനെയുടെയും മികവില്‍ ഇന്ത്യ 500 റണ്‍സ് പിന്നിട്ടു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ അഞ്ചിന് 513 എന്ന നിലയിലാണ്. 18 റണ്‍സോടെ രോഹിത് ശര്‍മ്മയും ആറു റണ്‍സുമായി ജഡേജയുമാണ് ക്രീസില്‍. ന്യൂസിലാന്‍ഡിനുവേണ്ടി ട്രെന്റ് ബൗള്‍ട്ട്, ജിതന്‍ പട്ടേല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതമെടുത്തു.

രണ്ട് ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍

രണ്ട് ഇരട്ടസെഞ്ച്വറി നേടുന്ന ആദ്യ ഇന്ത്യന്‍ നായകന്‍ എന്ന റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ചാണ് കൊഹ്‌ലി ക്രീസ് വിട്ടത്. 366 പന്ത് നേരിട്ട കൊഹ്‌ലി 20 ബൗണ്ടറികളുടെ അകമ്പടിയോടെയാണ് 211 റണ്‍സെടുത്തത്. ഈ വര്‍ഷം രണ്ടാമത്തെ ഇരട്ടസെഞ്ച്വറിയാണ് കൊഹ്‌ലി നേടിയത്. നേരത്തെ വെസ്റ്റിന്‍ഡീസിനെതിരെയും കൊഹ്‌ലി ഇരട്ട സെഞ്ച്വറി നേടിയിരുന്നു. 381 പന്തില്‍ 18 ബൗണ്ടറിയുടെയും നാലു സിക്‌സറുകളെടും സഹായത്തോടെയാണ് രഹാനെ 188 റണ്‍സെടുത്തത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 365 റണ്‍സാണ് കൂട്ടിച്ചേര്‍ത്തത്.