കൊല്‍ക്കത്ത: ശ്രീലങ്കയ്ക്കെതിരെ നേടിയ തക‍ർപ്പൻ സെഞ്ച്വറി ഇന്ത്യന്‍ നായകൻ വിരാട് കോലിയെ മറ്റൊരു റെക്കോര്‍ഡിനൊപ്പമെത്തിച്ചു. രണ്ടാം ഇന്നിംഗ്സിൽ സമ്മ‍ർദ്ദങ്ങളെ അതിജീവിച്ച് കോലി നേടിയ സെഞ്ച്വറി, ക്യാപ്റ്റനെന്ന നിലയിൽ ഒരു ഇന്ത്യൻ താരത്തിന്റെ റെക്കോര്‍ഡായി മാറി. ക്യാപ്റ്റനെന്ന നിലയിൽ ഏറ്റവുമധികം സെഞ്ച്വറിയെന്ന സുനിൽ ഗാവസ്‌ക്കറിന്റെ റെക്കോര്‍ഡിനൊപ്പമാണ് കോലി എത്തിയത്. ക്യാപ്റ്റനെന്ന നിലയിൽ പതിനൊന്നാമത്തെ സെഞ്ച്വറിയാണ് കോലി നേടിയത്. സുനിൽ ഗാവസ്‌ക്കരും ക്യാപ്റ്റനെന്ന നിലയിൽ 11 സെഞ്ച്വറി നേടിയിട്ടുണ്ട്. ഇനിയൊരു സെഞ്ച്വറി കൂടി നേടിയാൽ ഈ റെക്കോ‍ർഡ് ഒറ്റയ്‌ക്ക് സ്വന്തമാക്കാൻ കോലിയ്‌ക്ക് കഴിയും.

ഒമ്പത് സെഞ്ച്വറി നേടിയിട്ടുള്ള മൊഹമ്മദ് അസ്‌ഹറുദ്ദീനും ഏഴ് സെഞ്ച്വറി നേടിയിട്ടുള്ള സച്ചിൻ ടെൻഡുല്‍ക്കറുമാണ് ഈ പട്ടികയിൽ കോലിയ്‌ക്കും ഗാവസ്‌ക്കറിനും പിന്നിലുള്ളത്. എം എസ് ധോണി, സൗരവ് ഗാംഗുലി, എംഎകെ പട്ടൗഡി എന്നിവ‍ർ ക്യാപ്റ്റനായിരിക്കെ ഇന്ത്യയ്‌ക്കുവേണ്ടി അഞ്ചു സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്. ദ്രാവിഡ് ക്യാപ്റ്റനായിരുന്നപ്പോള്‍ നാലു സെഞ്ച്വറികളാണ് നേടിയിട്ടുള്ളത്.

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഇന്നിംഗ്സില്‍ 104 റണ്‍സെടുത്ത് പുറത്താകാതെ നിന്ന കോലി ടെസ്റ്റിലെ പതിനെട്ടാമത്തെയും അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അമ്പതാമത്തെ സെഞ്ച്വറിയുമാണ് ഇന്ന് നേടിയത്.