ബംഗളുരു: ഓസ്‌ട്രേലിയയ്ക്കെതിരെ തുടര്‍ച്ചയായി നാലാം ഇന്നിംഗ്സിലും നായകന്‍ വിരാട് കോലി പരാജയമായി. ആദ്യ ഇന്നിംഗ്സില്‍ 12 റണ്‍സെടുത്ത് പുറത്തായ കോലിക്ക് രണ്ടാം ഇന്നിംഗ്സില്‍ 15 റണ്‍സ് മാത്രമാണ് എടുക്കാനായത്. പൂനെയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കോലിയുടെ സ്‌കോര്‍ പൂജ്യം, 13 എന്നിങ്ങനെയായിരുന്നു. കഴിഞ്ഞ കുറേ നാളായി ഇന്ത്യന്‍ ബാറ്റിങ്ങിന്റെ നെടുംതൂണായിരുന്ന കോലി തുടര്‍ച്ചയായി പരാജയപ്പെടുന്നത് ഓസ്‌ട്രേലിയയ്ക്കെതിരായ ഇന്ത്യയുടെ പ്രകടനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഓസ്‌ട്രേലിയയെ 276 റണ്‍സിന് പുറത്താക്കിയ ഇന്ത്യ, രണ്ടാം ഇന്നിംഗ്സില്‍ നാലിന് 157 എന്ന നിലയിലാണ്. ആദ്യ ഇന്നിംഗ്സില്‍ 48 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഇന്ത്യ ഇപ്പോള്‍ 70 റണ്‍സ് മുന്നിലാണ്. കെ എല്‍ രാഹുല്‍(51), അഭിനവ് മുകുന്ദ്(16), വിരാട് കോലി(15), രവീന്ദ്ര ജഡേജ(രണ്ട്) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്. 49 റണ്‍സോടെ ചേതേശ്വര്‍ പൂജാര, 18 റണ്‍സോടെ ചേതേശ്വര്‍ പൂജാര എന്നിവരാണ് ക്രീസില്‍. ഓസ്‌ട്രേലിയയ്‌ക്കുവേണ്ടി ജോഷ് ഹാസ്ല്‍വുഡ് മൂന്നു വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ സ്റ്റീവ് ഒക്കേഫെയ്‌ക്കാണ് ഒരു വിക്കറ്റ്.
നേരത്തെ ആറിന് 237 എന്ന നിലയില്‍ മൂന്നാം ദിവസം ബാറ്റിങ് തുടര്‍ന്ന ഓസ്‌ട്രേലിയയ്‌ക്ക് 39 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കാനെ സാധിച്ചുള്ളു. മാത്യൂ വാഡെ 40 റണ്‍സും മിച്ചല്‍ സ്റ്റാര്‍ക്ക് 26 റണ്‍സുമെടുത്ത് പുറത്തായി. ഇരുവരും ചേര്‍ന്ന് ഏഴാം വിക്കറ്റില്‍ 49 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 63 റണ്‍സ് വഴങ്ങി ആറു വിക്കറ്റെടുത്ത ജഡേജയാണ് ബൗളിംഗില്‍ തിളങ്ങിയത്. അശ്വിന്‍ രണ്ടു വിക്കറ്റെടുത്തപ്പോള്‍ ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.
