ഇന്‍ഡോര്‍: ന്യൂസിലാന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ ഭേദപ്പെട്ട സ്‌കോറിലേക്ക്. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ മൂന്നിന് 170 എന്ന നിലയിലാണ് ഇന്ത്യ. 59 റണ്‍സോടെ നായകന‍് വിരാട് കൊഹ്‌ലിയും 27 റണ്‍സോടെ അജിന്‍ക്യ രഹാനെയുമാണ് ക്രീസില്‍. ഏറെക്കാലത്തെ ഇടവേളയ്‌ക്കുശേഷം ഗൗതം ഗംഭീര്‍ ടീമിലേക്ക് തിരിച്ചെത്തിയ മല്‍സരത്തില്‍ ഇന്ത്യയ്‌ക്ക് 10 റണ്‍സെടുത്ത ഓപ്പണര്‍ മുരളി വിജയ്‌യുടെ വിക്കറ്റാണ് തുടക്കത്തിലേ നഷ്‌ടമായത്. ജിതന്‍ പട്ടേലിന്റെ പന്തില്‍ ടോം ലഥാം പിടിച്ചാണ് മുരളി വിജയ് പുറത്തായത്. പിന്നീട് 29 റണ്‍സെടുത്ത ഗൗതം ഗംഭീറും 41 റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയും പുറത്തായി. അപ്പോള്‍ മൂന്നിന് 100 എന്ന നിലയിലായിരുന്നു ഇന്ത്യ. പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന വിരാട് കൊഹ്‌ലിയും അജിന്‍ക്യ രഹാനെയും ചേര്‍ന്നാണ് ഇന്ത്യയെ കൂടുതല്‍ നഷ്‌ടങ്ങളില്ലാതെ കരകയറ്റിയത്. ന്യൂസിലാന്‍ഡിനുവേണ്ടി ട്രെന്റ് ബൗള്‍ട്ട്, ജിതന്‍ പട്ടേല്‍, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതമെടുത്തു.

ശിഖര്‍ ധവാന് പകരമാണ് ഗംഭീര്‍ ടീമിലെത്തിയത്. ഭുവനേശ്വര്‍ കുമാറിന് പകരം ഉമേഷ് യാദവും ടീമിലെത്തി. ന്യൂസിലാന്‍ഡും രണ്ടു മാറ്റങ്ങളുമായാണ് കളിക്കുന്നത്. നീല്‍ വാംഗ്നര്‍ക്ക് പകരം ജിമ്മി നീഷാമും നിക്കോള്‍സിന് പകരം വില്യംസണും ടീമില്‍ തിരിച്ചെത്തി.

പരമ്പരയിലെ ആദ്യ രണ്ടു മല്‍സരങ്ങളും ജയിച്ച ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുണ്ട്. ഈ മല്‍സരം ജയിച്ച് പരമ്പര തൂത്തുവാരാന്‍ ഇന്ത്യ ശ്രമിക്കുമ്പോള്‍, ഒരു മല്‍സരമെങ്കിലും ജയിച്ച് നാണം മറയ്‌ക്കാനാണ് കീവികളുടെ ശ്രമം.