ദുബായ്: ഐസിസി പുരസ്കാരങ്ങള്‍ തൂത്തുവാരിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ തേടി മറ്റൊരു നേട്ടം കൂടി. സ്റ്റീവ് സ്മിത്തിന്റെ ശക്തമായ വെല്ലുവിളി മറികടന്ന് ഐസിസി ടെസ്റ്റ് ടീം നായകനായി കോലിയെ തെരഞ്ഞെടുത്തു. കോലിയെ കൂടായെ രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കൂടി ടീമിലിടം നേടി. ചേതേശ്വര്‍ പൂജാര, രവിചന്ദ്ര അശ്വിന്‍ എന്നിവരാണ് കോലിയെ കൂടാതെ ഐസിസി ടെസ്റ്റ് ഇലവനിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
ദക്ഷിണാഫ്രിക്കയുടെ ഡീല്‍ എല്‍ഗാറും ഓസീസിന്റെ ഡേവിഡ് വാര്‍ണറുമാണ് ടീമിന്റെ ഓപ്പണര്‍മാര്‍. കോലി, സ്റ്റീവ് സ്മിത്ത്, ചേതേശ്വര്‍ പൂജാര, ബെന്‍ സ്റ്റോക്സ്, ക്വിന്റണ്‍ ഡീ കോക്ക്, അശ്വിന്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, റബാദ, ജെയിംസ് ആന്‍ഡേഴ്സസണ്‍ എന്നിവരാണ് ടെസ്റ്റ് ഇലവനിലുള്ളത്. ഏകദിന ടീമിന്റെ നായകനും വിരാട് കോലിയാണ്. കോലിയെക്കൂടാതെ രോഹിത് ശര്‍മയും ജസ്പ്രീത് ബൂമ്രയുമാണ് ഏകദിന ടീമിലുള്ള ഇന്ത്യന്‍ താരങ്ങള്‍.
രോഹിത്തും വാര്‍ണറുമാണ് ഓപ്പണര്‍മാര്‍. കോലി, ബാബര്‍ അസം, ഡിവില്ലിയേഴ്സ്, ഡീകോക്ക്, ബെന്‍ സ്റ്റോക്സ്, ട്രെന്റ് ബൗള്‍ട്ട്, ഹസന്‍ അലി, റഷീദ് ഖാന്‍, ബൂമ്ര എന്നിവരാണ് ഏകദിന ടീമില്‍ ഇടം നേടിയത്.
