അനുഷ്ക ശർമയുമായുള്ള വിവാഹത്തെ തുടർന്ന് ശ്രീലങ്കയ്ക്കെതിരായ ടി20 പരന്പരയിൽ നിന്ന് വിട്ടുനിന്ന വിരാട് കോലിക്ക് തിരിച്ചടി. പുതിയ ഐസിസി ടി20 ബാറ്റ്സ്മാൻമാരുടെ റാങ്കിംഗിൽ കോലിയ്‌ക്ക് ഒന്നാം സ്ഥാനം നഷ്ടായി. കോലി മൂന്നാം സ്ഥാനത്തേക്ക് വീണപ്പോൾ ഓസ്ട്രേലിയയുടെ ആരോൺ ഫിഞ്ച് ഒന്നും വിൻഡീസിന്‍റെ എവിൻ ലൂയിസ് രണ്ടും സ്ഥാനങ്ങളിലെത്തി. 24 സ്ഥാനം മെച്ചപ്പെടുത്തിയ കെ എൽ രാഹുൽ നാലാം സ്ഥാനത്തെത്തി. രാഹുലിന്‍റെ കരിയറിലെ ഏറ്റവും ഉയർന്ന റാങ്കാണിത്. ശ്രീലങ്കയ്ക്കെതിരെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശർമ്മ പതിനാലാം റാങ്കിലാണുള്ളത്. അതേസമയം ടീം റാങ്കിംഗിൽ ഇന്ത്യ നേട്ടമുണ്ടാക്കി. ടി20 റാങ്കിംഗിൽ നാലാമതായിരുന്ന ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. പാകിസ്ഥാനാണ് ഒന്നാമത്. ടെസ്റ്റ് ടീം റാങ്കിംഗിൽ ഇന്ത്യ ഒന്നും ഏകദിനത്തിൽ രണ്ടും സ്ഥാനങ്ങളിലാണ്.