നാഗ്‌പുർ: ശ്രീലങ്കയ്ക്കെതിരായ വിജയത്തിന് പിന്നാലെ ബാറ്റ്‌സ്‌മാൻമാരെ വാനോളം പുകഴ്‌ത്തി ഇന്ത്യൻ നായകൻ വിരാട് കോലി. ബാറ്റുചെയ്യാൻ ഏറ്റവും അനുകൂലമായ പിച്ചായിരുന്നു ഇത്. ആഗ്രഹിച്ചതുപോലെ ബാറ്റുചെയ്യാനായി. സ്‌ട്രൈക്ക് കൈമാറി ബാറ്റുചെയ്യാനും സാധിച്ചു. വ്യക്തിപരമായി തന്റെ പ്രകടനം കൂടുതൽ മെച്ചപ്പെടുത്താനുമായെന്ന് മൽസരശേഷം കോലി പറഞ്ഞു. സെ‌ഞ്ച്വറി നേടിയ പൂജാര, മുരളി വിജയ്, രോഹിത് ശര്‍മ്മ എന്നിവരെയും കോലി പ്രശംസിച്ചു. സെഞ്ച്വറി നേടിയ ഉടൻ വിക്കറ്റ് നഷ്‌ടമായെങ്കിലും പിന്നാലെ എത്തിയവ‍ർ ആ തുടക്കം നന്നായി മുന്നോട്ടുകൊണ്ടുപോയത് നിർണായകായി. തന്റെ കായികക്ഷമത വളരെയേറെ ഗുണകരമായെന്നും കോലി പറഞ്ഞു. ഇഷാന്ത്, ഉമേഷ് യാദവ്, മൊഹമ്മദ് ഷമി എന്നിവരുടെ ബൗളിങ് പ്രകടനവും ഇന്ത്യൻ വിജയത്തിൽ ഏറെ നിർണായകമായി. അടുത്തിടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പരിചയസമ്പത്ത് ലങ്കയ്ക്കെതിരെ മുതലാക്കാൻ ഷമിയ്‌ക്കും ഉമേഷ് യാദവിനും സാധിച്ചുവെന്നും കോലി പറഞ്ഞു. പേസ് ബൗളർമാരെ സഹായിക്കുന്ന പിച്ചുകൾ ഒരുക്കുന്നത് ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്‌ക്കുള്ള തയ്യാറെടുപ്പ് എളുപ്പമാക്കുമെന്നും കോലി പ്രതീക്ഷ പ്രകടിപ്പിച്ചു.