വിവാഹവുമായി ബന്ധപ്പെട്ട തിരക്കുകൾക്ക് വിരാമമിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി വീണ്ടും ക്രിക്കറ്റിലേക്ക്. വിവാഹശേഷമുള്ള രണ്ടു വിരുന്ന സൽക്കാരങ്ങളും പൂർത്തിയാക്കി കോലി ദക്ഷിണാഫ്രിക്കൻ പര്യടനത്തിനുള്ള ഇന്ത്യൻ ടീമിനൊപ്പം ചേർന്നു. വിവാഹം കഴിക്കുയെന്നത് ജീവിതത്തിലെ ഏറ്റവനും പ്രധാനപ്പെട്ട കാര്യമാണെന്ന് കോലി, ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കുന്നതിനുമുമ്പുള്ള പത്രസമ്മേളനത്തിൽ പറഞ്ഞു. വിവാഹം എന്നത് തന്റെയും അനുഷ്കയുടെയും ജീവിതത്തിൽ ഏറ്റവും പ്രത്യേകതയുള്ള ഒന്നായിരുന്നു. അതുകഴിഞ്ഞു. ഇനി ക്രിക്കറ്റിലേക്ക് തിരിച്ചെത്താൻ തനിക്ക് ഒരു ബുദ്ധിമുട്ടുമില്ല. നേരത്തെ ചെയ്തത് തുടരാൻ ക്രിക്കറ്റിൽ തനിക്ക് സാധിക്കുമെന്നും കോലി ആത്മവിശ്വാസം പ്രകടിപ്പിച്ചു. വിവാഹത്തിനുവേണ്ടി ക്രിക്കറ്റിൽനിന്ന് വിട്ടുനിന്നെങ്കിലും പരിശീലനം മുടക്കിയിരുന്നില്ലെന്ന് കോലി വ്യക്തമാക്കി. അതുകൊണ്ടുതന്നെ ദക്ഷിണാഫ്രിക്കൻ പര്യടനത്തിനായി താൻ മാനസികമായും ശാരീരികമായും പൂർണസജ്ജനാണെന്നും കോലി പറഞ്ഞു.
മൂന്നു ടെസ്റ്റും ആറു ഏകദിനങ്ങളും മൂന്നു ടി20 മൽസരങ്ങളും അടങ്ങുന്നതാണ് ദക്ഷിണാഫ്രിക്കൻ പര്യടനം. ആദ്യ ടെസ്റ്റ് മൽസരം ജനുവരി അഞ്ചിന് തുടങ്ങി. ദക്ഷിണാഫ്രിക്കയിലേക്ക് പോകുന്ന കോലിയ്ക്കൊപ്പം അനുഷ്കയുമുണ്ടാകും. പുതുവർഷം ദക്ഷിണാഫ്രിക്കയിൽ ആഘോഷിക്കുകയാണ് നവദമ്പതികളുടെ ലക്ഷ്യം. അതിനുശേഷം അനുഷ്ക ജനുവരി ആദ്യവാരം ഇന്ത്യയിലേക്ക് മടങ്ങും.
