ഐസിസി ചാംപ്യന്‍സ് ട്രോഫിക്ക് പുറപ്പെടുന്നതിന് മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തിനിടെ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്ക് പെട്ടെന്ന് ദേഷ്യം വന്നു. പാകിസ്ഥാനെക്കുറിച്ചുള്ള ഒരു ചോദ്യമാണ് കോലിയെ ദേഷ്യം പിടിപ്പിച്ചത്. ചാംപ്യന്‍സ് ട്രോഫിയിലെ ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരത്തെക്കുറിച്ചുള്ള ചോദ്യമാണ് കോലിക്ക് അനിഷ്‌ടമുണ്ടാക്കിയത്. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം രൂക്ഷമായ സ്ഥിതിക്ക് ക്രിക്കറ്റ് കളിക്കുന്നതിനെക്കുറിച്ച് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു ഒരു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം. ഇതിന് നിങ്ങള്‍ എന്താണ് ചിന്തിക്കുന്നത് എന്നായിരുന്നു കോലിയുടെ മറുചോദ്യം. നിങ്ങള്‍ ഇവിടെ വന്നിരിക്കുന്നത്, നിങ്ങളുടേതായ ചില ധാരണകളും വെച്ചുകൊണ്ടാണ്. ഒരു ക്രിക്കറ്റര്‍ എന്ന നിലയില്‍ ബാറ്റുചെയ്‌തുകൊണ്ടിരിക്കുമ്പോള്‍ മറുവശത്ത് നില്‍ക്കുന്ന സഹതാരത്തെക്കുറിച്ച് പോലും ചിന്തിക്കാറില്ലെന്നും കോലി പറഞ്ഞു. പാകിസ്ഥാനെതിരായ കളി മറ്റൊരു ക്രിക്കറ്റ് മല്‍സരം മാത്രമാണ്. ആരാധകരെ എന്നും ത്രസിപ്പിക്കുന്നവയാണ് ഇന്ത്യ-പാകിസ്ഥാന്‍ മല്‍സരം. എന്നാല്‍ കളിക്കാരായ ഞങ്ങളെ സംബന്ധിച്ചിടത്തോളം ഇത് മറ്റൊരു മല്‍സരം മാത്രമാണ്- കോലി പറഞ്ഞു.