സെഞ്ചൂറിയൻ: അജിന്‍ക്യ രഹാനെയെ ഉള്‍പ്പെടുത്തണമെന്ന് വാദിച്ചവരെ പരിഹസിച്ച് ഇന്ത്യന്‍ നായകന്‍ വിരാട് കോലി രംഗത്തെത്തി. ഫോം കണക്കിലെടുത്താണ് അന്തിമ ഇലവനെ തീരുമാനിക്കുന്നതെന്നും കോലി പറഞ്ഞു.

അതിവിചിത്രമാണ് വിരാട് കോലിയുടെ ഈ ന്യായീകരണം. രാഹുൽ ദ്രാവിഡിന് ശേഷം വിദേശപിച്ചുകളില്‍ ഏറ്റവും മികച്ച റെക്കോര്‍ഡുള്ള ഇന്ത്യന്‍ ബാറ്റ്സ്മാനായ അജിന്‍ക്യ രഹാനെയെ കേപ്ടൗണിൽ ഒഴിവാക്കണമെന്ന് ഒരാളും ആവശ്യപ്പെട്ടിരുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഇന്ത്യന്‍ പിച്ചുകളിലെ ഫോം കണക്കിലെടുത്ത് രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ച ഗാംഗുലി അടക്കമുള്ളവര്‍ക്കാണ് നായകന്‍റെ മറുപടി.

മത്സരത്തലേന്നുള്ള പരിശീലനത്തിന് ശേഷം ടീം ഘടനയെ കുറിച്ച് ആലോചിക്കുമെന്നും ടോസിന്‍റെ സമയത്ത് അന്തിമ ഇലവനെ അറിയാമെന്നും കോലി പറഞ്ഞു. അതേസമയം പരിക്ക് കാരണം പരിശീലനം പൂര്‍ത്തിയാക്കാതെ മടങ്ങിയ അശ്വിന് വിശ്രമം നൽകിയാൽ രഹാനെയോ ഇഷാന്ത് ശര്‍മ്മയെയോ പരിഗണിച്ചേക്കും. കോലി നായകനായ ശേഷം തുടര്‍ച്ചയായി രണ്ടു ടെസ്റ്റിൽ ഇതുവരെ ഇന്ത്യ ഒരേ ടീമിനെ നിലനിര്‍ത്തിയിട്ടില്ല.