ശീതളപാനീയങ്ങളുടെയും സൗന്ദര്യവര്‍ധക വസ്തുക്കളുടെയും പരസ്യത്തില്‍ ഇനി മുതല്‍ അഭിനയിക്കില്ലെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. തന്റെ തീരുമാനം യുവതലമുറയ്ക്ക് മാതൃകയാകുമെന്നാണ് പ്രതീക്ഷയെന്നും കോലി പറഞ്ഞു.

വിരാട് കോലിയെ ഇനിമുതല്‍ ചില പരസ്യങ്ങളില്‍ കാണാനാവില്ല. പെപ്‌സി ഉള്‍പ്പടെയുള്ള ശീതളപാനീയങ്ങളില്‍ മാത്രമല്ല, സൗന്ദര്യ
വര്‍ധക വസ്തുകളുടെ പരസ്യത്തിലും ഇന്ത്യന്‍ നായകന്‍ ഇനി ഉണ്ടാവില്ല. യഥാര്‍ഥ ജീവിതത്തില്‍ താന്‍ ഉപയോഗിക്കാത്ത വസ്തുകളുടെ പരസ്യങ്ങളില്‍ ഇനി അഭിനയിക്കേണ്ട എന്നാണ് കോലിയുടെ തീരുമാനം. ഇതാവട്ടെ ഏറ്റവും വിപണിമൂല്യമുളള ക്രിക്കറ്റര്‍ എന്ന തലയെടുപ്പോടെ നില്‍ക്കുമ്പോഴാണ്. കുട്ടികള്‍ ഉള്‍പ്പടെ നിരവധി ആരാധകരെ പരസ്യങ്ങള്‍ സ്വാധീനിക്കുന്നുണ്ട്. ഇവരെ തെറ്റായ വഴിയിലേക്ക് നയിക്കാന്‍
പാടില്ല. പണം മാത്രമല്ല, പ്രധാനം. തീരുമാനം തികച്ചും വ്യക്തിപരമാണെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ വ്യക്തമാക്കി.

കോലിയുടെ തീരുമാനത്തെ മുന്‍ ക്യാപ്റ്റന്‍ കപില്‍ ദേവ് സ്വാഗതം ചെയ്തു. കളിക്കുന്ന കാലത്ത് ഇത്തരം പരസ്യങ്ങളില്‍ താനും
അഭിനയിച്ചിരുന്നില്ല. എത്രവലിയ പ്രതിഫലം കിട്ടിയാലും ഇപ്പോഴും അത്തരം പരസ്യങ്ങള്‍ സ്വീകരിക്കില്ല. കൂടുതല്‍ ഇന്ത്യന്‍ താരങ്ങള്‍ കോലിയുടെ
പാത പിന്തുടരുമെന്നാണ് പ്രതീക്ഷയെന്നും കപില്‍ പറഞ്ഞു. നിലവില്‍ 17 പ്രമുഖ ബ്രാന്‍ഡുകളുമായി കോലിക്ക് പരസ്യ കരാറുണ്ട്. പ്യൂമ എട്ടുവര്‍ഷത്തേക്ക് 110 കോടിരൂപയുടെ കരാറാണ് കോലിയുമായി ഒപ്പുവച്ചത്. ഷാരൂഖ് ഖാന്‍ കഴിഞ്ഞാല്‍ ഇന്ത്യയില്‍ ഏറ്റവും പരസ്യവരുമാനമുള്ള താരവും കോലിയാണ്. 590 കോടിയിലേറെയാണ് ഇന്ത്യന്‍ നായകന്റെ പരസ്യവരുമാനം.