ശ്രീലങ്കയ്ക്കെതിരായ കൊല്‍ക്കത്ത ടെസ്റ്റിൽ സെഞ്ച്വറിക്കരികിൽ നിൽക്കെ ഇന്ത്യൻ നായകൻ വിരാട് കോലി ഇന്നിംഗ്സ് ഡിക്ലയ‍ർ ചെയ്യാനൊരുങ്ങി. എന്നാൽ പരിശീലകൻ രവി ശാസ്ത്രി ഇടപെട്ട് കോലിയുടെ നീക്കം തടയുകയായിരുന്നു. ഒട്ടേറെ റെക്കോര്‍ഡുകൾ സ്വന്തമാക്കാമായിരുന്ന സെഞ്ച്വറിയാണ് ടീമിന്റെ നേട്ടത്തിന് വേണ്ടി കോലി വേണ്ടെന്ന് വെയ്‌ക്കാൻ തീരുമാനിച്ചത്. അതിവേഗം റൺസ് നേടി, ശ്രീലങ്കയെ ബാറ്റിങിന് അയച്ച് എങ്ങനെയെങ്കിലും വിജയിക്കുകയെന്നത് മാത്രമായിരുന്നു കോലിയുടെ മനസിലുണ്ടായിരുന്നത്. അതുകൊണ്ടുതന്നെയാണ് വ്യക്തിഗത സ്‌കോർ 87ൽ നിൽക്കെ കോലി ഡിക്ലയ‍ർ ചെയ്യട്ടെയെന്ന് ഡ്രസിങ് റൂമിലേക്ക് ആംഗ്യം കാണിച്ചു ചോദിച്ചത്. എന്നാൽ ഇപ്പോൾ ഡിക്ലയർ ചെയ്യേണ്ടെന്നാണ് ശാസ്‌ത്രി നിർദ്ദേശിച്ചത്. സെഞ്ച്വറി തികച്ചിട്ട് ഡിക്ലയർ ചെയ്താൽ മതിയെന്ന്, മൈതാനത്തേക്ക് റിസർവ്വ് കളിക്കാരനെ അയച്ച് അറിയിക്കുകയും ചെയ്തു. തുടർന്ന് അതിവേഗം ബാറ്റിങ് തുടർന്ന കോലി വ്യക്തിഗത സ്‌കോർ 98ൽ നിൽക്കെ, ഒരു സിക്‌സർ അടിച്ച് സെഞ്ച്വറി തികയ്‌ക്കുകയായിരുന്നു. സെഞ്ച്വറിയിലെത്തിയ ഉടൻതന്നെ കോലി ഇന്നിംഗ്സ് ഡിക്ലയർ ചെയ്യുകയും ചെയ്തു. കോലിയുടേത് അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അമ്പതാം സെഞ്ച്വറിയായിരുന്നു. ഇത്തരമൊരു ചരിത്രമുഹൂർത്തത്തിന്റെ പടിവാതിൽക്കലാണ്, വ്യക്തിഗതനേട്ടത്തേക്കാൾ ടീമിന്റെ പ്രകടനമാണ് പ്രധാനമെന്ന് വിളിച്ചറിയിക്കുന്ന നീക്കം കോലിയിൽനിന്ന് ഉണ്ടായത്. ഇന്ത്യൻ ക്രിക്കറ്റിലെ ഇതിഹാസതാരങ്ങൾവരെ വ്യക്തിഗതനേട്ടങ്ങൾക്ക് ഏറെ പ്രാധാന്യം ന‍ൽകി കളിച്ചപ്പോഴാണ് കോലിയുടെ വ്യത്യസ്‌തവും മാതൃകാപരവുമായ ഇടപെടൽ ഉണ്ടായത്. കോലിയുടേത് തിക‌‌‌ഞ്ഞ ടീംമാൻ സ്‌പിരിറ്റാണെന്നാണ് ക്രിക്കറ്റ് വിദഗ്ദ്ധ‍ർ വിലയിരുത്തുന്നത്. ഏതായാലും സെഞ്ച്വറി വേണ്ടെന്ന് വെക്കാനുള്ള കോലിയുടെ ആഗ്രഹം രവി ശാസ്‌ത്രി അംഗീകരിച്ചിരുന്നെങ്കിൽ ഇന്ത്യ ജയിക്കുമായിരുന്നുവെന്ന് വിശ്വസിക്കുന്നവ‍ർ ഏറെയാണ്. വെറും മൂന്നു വിക്കറ്റ് അകലെയാണ് ഇന്ത്യ-ശ്രീലങ്ക മൽസരം സമനിലയിൽ കലാശിച്ചത്. ലങ്കൻ താരങ്ങൾ മൽസരം മനപൂർവ്വം വൈകിപ്പിച്ചെന്നും ആരോപണമുണ്ടായിരുന്നു.