മുംബൈ: ദക്ഷിണാഫ്രിക്കന്‍ പര്യടനം കോലിക്ക് വലിയ പരീക്ഷയാകുമെന്ന് ഇതിഹാസ സ്‌പിന്നര്‍ ബിഷന്‍ സിംഗ് ബേദി. ദക്ഷിണാഫ്രിക്കയില്‍ കോലിയുടെ ബാറ്റിംഗും ക്യാപ്റ്റന്‍സിയും പരീക്ഷിക്കപ്പെടുമെന്ന് ബേദി മുന്നറിയിപ്പ് നല്‍കി. കോലി ഇതുവരെ ശക്തമായ മത്സരങ്ങളും പരീക്ഷയും നേരിട്ടിട്ടില്ലെന്നും ബിഷന്‍ സിംഗ് ബേദി വ്യക്തമാക്കി. ജനുവരി മൂന്നിനാണ് ആദ്യ ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

എന്നാല്‍ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് പുറപ്പെട്ട കോലി പൂര്‍ണ്ണ ആത്മവിശ്വാസത്തോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലെ വെല്ലുവിളി ഏറ്റെടുക്കാന്‍ ടീം ഇന്ത്യ സജ്ജമാണെന്നായിരുന്നു കോലിയുടെ പ്രതികരണം. വിദേശ പരമ്പരകളില്‍ നാട്ടിലെ മികവ് പുറത്തെടുക്കാറില്ലെന്ന വിമര്‍ശനം കാര്യമാക്കുന്നില്ലെന്നും ഇന്ത്യന്‍ നായകന്‍ വ്യക്തമാക്കിയിട്ടുണ്ട്.