കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴിനാണ് മത്സരം.

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ആദ്യ എലിമിനേറ്ററില്‍ രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ രാത്രി ഏഴിനാണ് മത്സരം. ഇന്ന് വിജയിക്കുന്നവര്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായി രണ്ടാം എലിമിനേറ്റര്‍ കളിക്കും. അതില്‍ ജയിക്കുന്നവര്‍ ഫൈനലിന് യോഗ്യത നേടും.

ഇരുവരും തമ്മില്‍ 15 തവണ ഏറ്റമുട്ടിയപ്പോള്‍ എട്ട് തവണയും വിജയം കൊല്‍ക്കത്തയ്‌ക്കൊപ്പമായിരുന്നു. രാജസ്ഥാന്‍ ഏഴ് തവണ വിജയിച്ചു. ഈഡന്‍ ഗാര്‍ഡന്‍സില്‍ രാജസ്ഥാന് ഒരു തവണ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്. അഞ്ച് തവണയും ജയം ആതിഥേയര്‍ക്കൊപ്പം നിന്നു.

മുന്‍നിരയുടെ പരാജയമാണ് രാജസ്ഥാനെ പലപ്പോഴും കുഴിയില്‍ ചാടിക്കുന്നത്. പല താരങ്ങളേയും പരീക്ഷിച്ചെങ്കിലും ഒരാള്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചില്ല. ജോഫ്ര ആര്‍ച്ചറാണ് അവസാനമായി കളിച്ചത്. എന്നാല്‍ റണ്‍സൊന്നുമെടുക്കാന്‍ താരത്തിന് സാധിച്ചില്ല.

ഇന്ന് ദക്ഷിണാഫ്രിക്കന്‍ താരം ഹീന്റിച്ച് ക്ലാസനെ ടോപ് ഓര്‍ഡറില്‍ കളിപ്പിച്ചേക്കും. ഈഡനില്‍ സ്പിന്നിനെ അനുകൂലിക്കുന്ന പിച്ചില്‍ സുനില്‍ നരെയ്ന്‍, പിയൂഷ് ചൗള, കുല്‍ദീപ് യാദവ് എന്നിവരുടെ പ്രകടനത്തിലാണ് കൊല്‍ക്കത്തയുടെ പ്രതീക്ഷ.